500 രൂപ നോട്ട് കേരളത്തിലെത്തി

226

തിരുവനന്തപുരം: ബാങ്കുകളിലൂടെയും എ.ടി.എമ്മുകളിലൂടെയും വിതരണം ചെയ്യാന്‍ 150 കോടിരൂപയുടെ 500 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്കിന്റെ തിരുവനന്തപുരം ഓഫീസിലെത്തി. കേരളത്തിലാകെ വിതരണംചെയ്യാനുള്ള നോട്ടുകളാണിത്.
എന്നാല്‍, വിതരണം എന്നുതുടങ്ങുമെന്ന് തീരുമാനിച്ചിട്ടില്ല. ഇതിന് റിസര്‍വ് ബാങ്ക് ആസ്ഥാനത്തുനിന്നുള്ള അനുമതിവേണം.
500 രൂപയുടെ നോട്ടുകള്‍ വിതരണം തുടങ്ങിയാല്‍ ഇപ്പോഴത്തെ പ്രതിസന്ധിക്ക് അയവുണ്ടാകുമെന്നാണ് കരുതുന്നത്. എന്നാല്‍, ഇപ്പോള്‍ എത്തിയിരിക്കുന്നത് പ്രശ്നം പരിഹരിക്കാന്‍ വേണ്ടത്രയില്ല. ഒരു പെട്ടിയില്‍ അഞ്ചുകോടിരൂപ വീതമുള്ള 30 പെട്ടി നോട്ടാണ് എത്തിയിട്ടുള്ളത്. തിങ്കളാഴ്ച മുതല്‍ ഇവ ബാങ്ക് ശാഖകളിലൂടെ വിതരണംചെയ്യാന്‍ തീരുമാനിച്ചാലും എ.ടി.എമ്മുകളില്‍നിന്ന് അന്നുമുതല്‍ ലഭിക്കില്ല. പഴയ നോട്ടിനെക്കാള്‍ ചെറുതും കനംകുറഞ്ഞതുമാണ് ഇവ. അതിനാല്‍ എ.ടി.എമ്മുകള്‍ പുനഃക്രമീകരിക്കണം. രാജ്യത്തെ പല പ്രമുഖ നഗരങ്ങളിലും നേരത്തേ അഞ്ഞൂറുരൂപ നോട്ട് എത്തിയിരുന്നു.