2021-22 സാമ്പത്തിക വർഷത്തിൽ രജിസ്ട്രേഷൻ വകുപ്പിന് റെക്കോഡ് വരുമാനം, 1301.57 കോടി അധികനേട്ടം

18

2021-22 സാമ്പത്തിക വർഷത്തിൽ രജിസ്ട്രേഷൻ വകുപ്പിന് റെക്കോഡ് വരുമാനം ലഭിച്ചെന്ന് മന്ത്രി വി.എൻ വാസവൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മുൻ വർഷത്തേക്കാൾ 1301.57 കോടി രൂപയുടെ വർദ്ധനയാണ് ഇത്തവണ ലഭിച്ചത്. 2021-22 സാമ്പത്തിക വർഷം 4125.99 കോടിയായിരുന്നു ബജറ്റ് ലക്ഷ്യം. എന്നാൽ 107.41 ശതമാനം ഉയർന്ന് വരുമാനം 4431.88 കോടി രൂപയായി. ബജറ്റ് ലക്ഷ്യം വച്ചതിനേക്കാൾ 305.89 കോടി രൂപയുടെ അധിക വരുമാനമാണ് സാമ്പത്തിക വർഷം അവസാനം രജിസ്ട്രേഷൻ വകുപ്പിന് ലഭിച്ചതെന്ന് മന്ത്രി പറഞ്ഞു.

എറണാകുളം ജില്ലയിലാണ് ഏറ്റവും അധികം വരുമാനം ലഭിച്ചത്, 977.21 കോടി രൂപ. റവന്യൂ വരുമാനത്തിൽ രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം ജില്ലയാണ്, 572.27 കോടി രൂപ. സാമ്പത്തിക വർഷം അവസാനിച്ചപ്പോൾ 9,26,487 ആധാരങ്ങളാണ് രജിസ്റ്റർ ചെയ്തത്. 2020-21 സാമ്പത്തിക വർഷത്തേക്കാൾ 1,63,806 ആധാരങ്ങൾ കൂടുതലാണിത്. ആധാര രജിസ്ട്രേഷനിൽ നിന്ന് 4,431.88 കോടി രൂപ വരുമാനം ലഭിച്ചു. മുൻ വർഷത്തേക്കാൾ 1301.57 കോടി രൂപയുടെ അധിക വരുമാനമാണ് ലഭിച്ചത്. 2020-21 ൽ 7,62,681 ആധാരങ്ങൾ രജിസ്റ്റർ ചെയ്തിൽ നിന്നും 3130.32 കോടി രൂപയായിരുന്നു വരുമാനം.

ഏറ്റവും കൂടുതൽ ആധാരം രജിസ്റ്റർ ചെയ്തത് മലപ്പുറം ജില്ലയിലാണ്. 1,20,143 രജിസ്ട്രേഷനുകൾ. 1,00,717 ആധാരങ്ങൾ രജിസ്റ്റർ ചെയ്ത തിരുവനന്തപുരം ജില്ലയാണ് രണ്ടാം സ്ഥാനത്ത്. ഏഴ് സബ് രജിസ്ട്രാർ ഓഫീസുകൾ മാത്രമുള്ള വയനാട് ജില്ലയിൽ 25,148 ആധാരങ്ങൾ രജിസ്റ്റർ ചെയ്തു.

രജിസ്‌ട്രേഷൻ വകുപ്പിൽ കമ്പ്യൂട്ടർവത്ക്കരണം നടപ്പാക്കുന്നതിനായി സാമ്പത്തിക വർഷം 525 ലക്ഷം രൂപയാണ് വകയിരുത്തി യിട്ടുള്ളത്. രജിസ്‌ട്രേഷൻ വകുപ്പിന്റെ ആധുനികവത്കരണത്തിന് നടപ്പ് സാമ്പത്തികവർഷത്തിൽ നാലു കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

വകുപ്പിലെ മുൻ ആധാര വിവരങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന ജോലികൾ ആറ് ജില്ലകളിൽ പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. സി-ഡിറ്റാണ് പദ്ധതിയുടെ ചുമതല വഹിക്കുന്നത്. കൂടാതെ 2018 ലെയും 2019 ലെയും പ്രളയത്തിൽ നനഞ്ഞ രേഖകളും കാലപ്പഴക്കം മൂലം പൊടിഞ്ഞുപോയ രേഖകളും പൂർവ്വസ്ഥിതിയിലാക്കുന്ന ജോലികളും പദ്ധതിയുടെ ഭാഗമാണ്. 100 ദിന പരിപടിയിൽ ഉൾപ്പെടുത്തി ഇ-സ്റ്റാമ്പിംഗ് സമ്പൂർണ്ണമായി നടപ്പാക്കുന്ന പദ്ധതി പുരോഗമിക്കുകയാണ്.

നിലവിൽ ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ മുദ്രവില ഒടുക്കേണ്ട ഭൂമി രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട ആധാരങ്ങൾക്ക് മാത്രമാണ് ഇ-സ്റ്റാമ്പിംഗ് നിർബന്ധമാക്കിയിട്ടുള്ളത്. ചെറിയ തുകയ്ക്കുള്ള മുദ്രപ്പത്രങ്ങളുടെ ക്ഷാമവും ഓൺലൈൻ സേവനങ്ങൾ വിപുലീകരി ക്കുകയെന്ന സർക്കാർ നയം നടപ്പിലാക്കുന്നതിനുമായി പൂർണമായി ഇ-സ്റ്റാമ്പിംഗ് സൗകര്യം ഏർപ്പെടുത്തും.

സബ് രജിസ്ട്രാർ ഓഫീസുകളിൽ നിന്ന് സാക്ഷ്യപ്പെടുത്തിയ ആധാരപ്പകർപ്പുകൾ ഓൺലൈനായി ലഭ്യമാക്കുന്നതിനുള്ള സൗകര്യം ഉടൻ നടപ്പാക്കും. നിലവിലെ രജിസ്‌ട്രേഷൻ നടപടികൾ ഡിജിറ്റൽ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി മികവുറ്റതാക്കുകയെന്നതും വകുപ്പ് ലക്ഷ്യമിടുന്നു. ആധാരങ്ങളുടെ മാതൃകൾ ലളിതവൽക്കരിച്ച് ഏകീകൃത രൂപം കൊണ്ടുവരും. ആധാരകക്ഷികളുടെ വിരൽ പ്പതിപ്പും ഫോട്ടോയും ഡിജിറ്റൽ ഉപകരണങ്ങളുടെ സഹായത്തോടെ ലഭ്യമാക്കും. ഇതോടെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കി ക്കൊണ്ട് ആധാരം രജിസ്റ്റർ ചെയ്ത ദിവസം തന്നെ മടക്കി നൽകാൻ കഴിയുമെന്നത് പ്രത്യേകതയാണ്.

രജിസ്‌ട്രേഷൻ വകുപ്പിൽ കിഫ്ബി മുഖേന 100 കോടി രൂപ ചെലവഴിച്ചു നിർമ്മാണം ആരംഭിച്ച 51 കെട്ടിടങ്ങളിൽ 28 എണ്ണം മുൻ വർഷങ്ങളിൽ പ്രവർത്തനം ആരംഭിച്ചിരുന്നു. ശേഷിക്കുന്ന കെട്ടിടങ്ങളുടെ നിർമ്മാണം ഈ സാമ്പത്തിക വർഷം പൂർത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു.

NO COMMENTS