സ്കൂള്‍ ബസ്സിലെ പ്രകൃതിവിരുദ്ധ പീഡനം പൊലീസ് കെട്ടിച്ചമച്ചതാണെന്ന് കംപ്ലെയിന്റ്സ് അതോറിറ്റി

177

കൊച്ചി∙ സ്കൂള്‍ ബസില്‍ അഞ്ചുവയസുകാരനെ ഡ്രൈവര്‍ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന കേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്ന് പൊലീസ് കംപ്ലെയിന്റ്സ് അതോറിറ്റി കണ്ടെത്തി. പൊലീസുകാർ ഗൂഢാലോചന നടത്തി ബസ് ഡ്രൈവറെ പ്രതിയാക്കുകയായിരുന്നെന്നും പൊലീസ് കംപ്ലെയിന്റ്സ് അതോറിറ്റി ചെയർമാൻ ജസ്റ്റിസ് നാരായണക്കുറുപ്പ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ബസ് ഡ്രൈവർക്ക് ക്രൂരമർദനമേറ്റതിന് തെളിവുണ്ടെന്നും കുറ്റക്കാരായ പൊലീസുകാർക്കെതിരെ കർശന നടപടി വേണമെന്നും അതോറിറ്റി നിർദ്ദേശിച്ചു. മർദനമേറ്റ ഡ്രൈവർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും ശുപാർശയുണ്ട്.

കേസുമായി ബന്ധപ്പെട്ടു കഴിഞ്ഞ വർഷം ജൂലൈ ഒന്നിനാണ് സ്കൂൾ ബസ് ഡ്രൈവറായ കെ.എസ്. സുരേഷ് കുമാറിനെ ഹാർബർ പൊലീസ് അറസ്റ്റ് ചെയ്തത്. ബസിൽ സ്ഥിരമായി യാത്രചെയ്തിരുന്ന അഞ്ചുവയസ്സുകാരനെ പീഡിപ്പിച്ചെന്ന കേസിലായിരുന്നു അറസ്റ്റ്. എന്നാൽ അന്നു വൈകുന്നേരം തന്നെ വളരെ ഗുരുതരമായി പരുക്കേറ്റനിലയിൽ സുരേഷിനെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സുരേഷിന്റെ നട്ടെല്ലിനു പൊട്ടലുണ്ടെന്നു കണ്ടെത്തി. എട്ടുമാസത്തോളം എഴുന്നേറ്റു നടക്കാനാകാത്ത അവസ്ഥയിലായിരുന്ന സുരേഷ് ഇപ്പോഴും ചികിൽസയിലാണ്.

പീഡനക്കേസ് ഉദ്യോഗസ്ഥർ കെട്ടിച്ചമച്ചതാണെന്നും സുരേഷിനെ വളരെ ക്രൂരമായി മർദിച്ചെന്നും അന്വേഷണത്തിൽ പൊലീസ് കംപ്ലെയിന്റ്സ് അതോറിറ്റി കണ്ടെത്തി. സുരേഷിനെ മർദ്ദിച്ച എസ്ഐ ജോസഫ് സാജൻ, അഡീഷണൽ എസ്ഐ പ്രകാശൻ, സിവിൽ പൊലീസ് ഓഫിസർ രവീന്ദ്രൻ എന്നിവർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്ന് ശുപാർശ ചെയ്തിട്ടുണ്ട്. സംഭവത്തിൽ കുട്ടിയുടെ പിതാവ് നൽകിയ പരാതി കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തി. പീഡനം നടന്നുവെന്ന് പറയുന്ന ഇടപ്പള്ളി മുതൽ മാമംഗലം വരെയുള്ള ദൂരം വാഹനത്തിൽ സഞ്ചരിച്ചും ജസ്റ്റിസ് നാരായണക്കുറുപ്പ് തെളിവെടുത്തു. പൊലീസ് പറയുന്ന ഈ ദൂരപരിധിക്കുള്ളിൽ പീഡനം നടക്കില്ലെന്നും ഉറപ്പാക്കി.

NO COMMENTS

LEAVE A REPLY