ചെയർമാനെ തീരുമാനിക്കേണ്ടത് സംസ്ഥാനകമ്മിറ്റി ചേർന്നാണ് – പി.ജെ.ജോസഫ്

137

തിരുവനന്തപുരം: ചെയർമാനെ തീരുമാനിക്കേണ്ടത് സംസ്ഥാനകമ്മിറ്റി ചേർന്നാണ്. ചെയർമാനെ ഉടൻ തീരുമാനിക്കുമെന്നും പി.ജെ.ജോസഫ് പറഞ്ഞു.

കെ.എം.മാണി അനുസ്മരണ ചടങ്ങിൽ പാർട്ടി ഭാരവാഹികളെ തിരഞ്ഞെടുക്കാനുള്ള പി.ജെ.ജോസഫിന്റെ നീക്കത്തിനെതിരേ കോടതിയിൽ നിന്ന് അനുകൂല വിധി നേടി ജോസ്.കെ.മാണി വിഭാഗം. തിരുവനന്തപുരത്തെ മാണി അനുസ്മരണ ചടങ്ങിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കരുതെന്ന് കോടതി ഉത്തരവിട്ടു.

അനുസ്മരണ യോഗത്തിൽ പാർട്ടി ഭാരവാഹികളെ തിരഞ്ഞെടുക്കാൻ പാടില്ലെന്നും പാർട്ടി ബൈലോ പ്രകാരം മാത്രമേ ഭാരവാഹികളെ തിരഞ്ഞെടുക്കാൻ പാടുള്ളൂവെന്നും തിരുവനന്തപുരം നാലാം അഡീഷണൽ കോടതി ഉത്തരവിട്ടു.

പി.ജെ.ജോസഫിനെ പാർട്ടിയുടെ താത്കാലിക ചെയർമാനായി തിരഞ്ഞെടുത്തിരുന്നു. ഈ അധികാരം ഉപയോഗിച്ച് അദ്ദേഹം പാർട്ടി പിടിച്ചെടുത്തേക്കുമെന്ന ആശങ്ക ജോസ് കെ.മാണി വിഭാഗത്തിനുണ്ട്. തിരുവനന്തപുരത്ത് ധൃതിപിടിച്ച് നടത്തിയ അനുസ്മരണ പരിപാടി ഇതിന്റെ ഭാഗമായിട്ടെന്നായിരുന്നു സംശയം. തുടർന്ന് ജോസ് കെ.മാണിയുടെ നിർദേശ പ്രകാരം കൊല്ലം ജില്ലാ സെക്രട്ടറി ബി.മനോജ് ആണ് കോടതിയെ സമീപിച്ചത്.

തിരുവനന്തപുരത്ത് നടക്കുന്ന കെ.എം.മാണി സർവകക്ഷി അനുസ്മരണ യോഗത്തിൽ പുതിയ ഭാരവാഹികള തിരഞ്ഞെടുക്കാൻ ജോസഫ് വിഭാഗത്തിന് നീക്കമുണ്ടെന്ന് സൂചനയുണ്ടായിരുന്നു. ഇത് പൊളിക്കാനും തെറ്റിദ്ധാരണകൊണ്ടുമാണ് എതിർവിഭാഗം ചിലർ കോടതിയെ സമീപിച്ചതെന്ന് പി.ജെ.ജോസഫ് വ്യക്തമാക്കി.

NO COMMENTS