എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടങ്ങള്‍ എഴുതിത്തളളുന്നതിന് 7.63 കോടി അനുവദിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി

206

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അമ്ബതിനായിരം മുതല്‍ മൂന്നു ലക്ഷം രൂപ വരെയുളള കടങ്ങള്‍ എഴുതിത്തളളുന്നതിന് 7.63 കോടി രൂപ അനുവദിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. അമ്ബതിനായിരം രൂപ വരെയുളള കടങ്ങള്‍ നേരത്തെ എഴുതിത്തളളിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന ഉന്നതലയോഗമാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു. പുതുതായി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ വന്നവരടക്കം അര്‍ഹരായ എല്ലാവര്‍ക്കും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ പ്രകാരമുളള ധനസഹായം അടിയന്തരമായി കൊടുത്തുതീര്‍ക്കാന്‍ തീരുമാനിച്ചു. ഇതിനുവേണ്ടി 30 കോടി രൂപ സര്‍ക്കാര്‍ ലഭ്യമാക്കുന്നതാണ്.

പൂര്‍ണ്ണമായി കിടപ്പിലായവര്‍ക്കും ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ക്കും മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും 5 ലക്ഷം രൂപ വീതവും മറ്റു വൈകല്യങ്ങളുളളവര്‍ക്ക് 3 ലക്ഷം രൂപ വീതവും മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം നല്‍കുന്നുണ്ട്. കൂടാതെ ദുരിതബാധിതരായ ക്യാന്‍സര്‍ രോഗികള്‍ക്ക് 3 ലക്ഷം രൂപയും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ലിസ്റ്റില്‍ ഉള്‍പ്പെടാത്ത ദുരിതബാധിതരുണ്ടെങ്കില്‍ മാനദണ്ഡങ്ങള്‍ പ്രകാരം പരിശോധന നടത്തി നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. അഞ്ചുഘട്ടങ്ങളായുളള പരിശോധനയിലൂടെയാണ് ധനസഹായത്തിന് അര്‍ഹരായ ദുരിതബാധിതരെ നിര്‍ണയിക്കുന്നത് എന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

NO COMMENTS