ഗീതാ ഗോപിനാഥിന്റെ നിയമനം: വി എസിന്റെ കത്ത് പിബിയില്‍ വിതരണം ചെയ്തു

230

ദില്ലി: ഗീതാ ഗോപിനാഥിനെ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ആക്കിയതിനെതിരെ വിഎസ് അച്യുതാനന്ദന്‍ നല്‍കിയ കത്ത് ജനറല്‍സെക്രട്ടറി സീതാറം യെച്ചൂരി പൊളിറ്റ് ബ്യൂറോയില്‍ വിതരണം ചെയ്തു. വിഷയം നാളെ ചര്‍ച്ചയ്ക്ക് വരുമെങ്കിലും തീരുമാനം പിന്‍വലിക്കില്ലെന്നാണ് സൂചന.
ഗീതാഗോപിനാഥിനെ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേശക ആക്കിയതിനെതിരെ വി എസ് അച്യുതാനന്ദന്‍ കേന്ദ്രനേതൃത്വത്തിന് കത്ത് നല്‍കിയെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കത്ത് കിട്ടിയെന്ന് കേന്ദ്രനേതാക്കള്‍ സ്ഥിരീകരിച്ചു. ഇന്ന് ദില്ലിയില്‍ തുടങ്ങിയ സി പി ഐ എം പൊളിറ്റ് ബ്യൂറോ യോഗത്തില്‍ ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി വി എസ്സിന്റെ ഈ കത്ത് വിതരണം ചെയ്തു. പാര്‍ട്ടിയില്‍ ചര്‍ച്ച നടത്താതെയാണ് നവലിബറല്‍ നയങ്ങളെ പിന്തുണയ്ക്കുന്ന വ്യക്തിയെ സാമ്പത്തിക ഉപദേശകയാക്കിയതെന്ന് വിഎസ് ആരോപിക്കുന്നു. കത്ത് നാളെ പിബിയില്‍ ചര്‍ച്ചയ്ക്ക് വരും. എന്നാല്‍ തീരുമാനം പിന്‍വലിക്കില്ലെന്നാണ് മുതിര്‍ന്ന നേതാക്കള്‍ നല്‍കുന്ന സൂചന. പാര്‍ട്ടി സ്ഥാനത്തിന്റെ കാര്യത്തില്‍ തീരുമാനം ഉണ്ടായാലേ ഔദ്യോഗിക പദവി ഏറ്റെടുക്കൂവെന്ന വിഎസ്സിന്റെ നിലപാട് നാളെ പിബി ചര്‍ച്ച ചെയ്‌തേക്കും. കൊല്‍ക്കത്തയില്‍ നടന്ന പാര്‍ട്ടി പ്ലീനം സംഘടന ശക്തിപ്പെടുത്താന്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങളാണ് ഇന്ന് പിബിയില്‍ ചര്‍ച്ചയായത്. പൊളിറ്റ് ബ്യൂറോ തലം മുതല്‍ പ്രവര്‍ത്തനത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ ആലോചനയിലുണ്ട്‌.

NO COMMENTS

LEAVE A REPLY