ഒന്‍പതു വയസുകാരിയായ മകളെ പീഡിപ്പിച്ച കേസില്‍ പിതാവിന് പത്ത് വര്‍ഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കാസര്‍ഗോഡ് വെള്ളരിക്കുണ്ട് സ്വദേശിക്കാണ് കാസര്‍ഗോഡ് അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്.
വെള്ളരിക്കുണ്ട് സ്വദേശിയായ 40കാരനെയാണ് കോടതി ശിക്ഷിച്ചത്. പിഴയായി വിധിച്ച 20,000 രൂപ പെണ്‍കുട്ടിയുടെ സംരക്ഷണത്തിനായി അമ്മക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി കുറ്റവാളി കഠിന തടവ് അനുഭവിക്കണം. കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തില്‍ രണ്ട് തവണ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് പിതാവിനെതിരെയുള്ള കുറ്റം. പെണ്‍കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് സ്കൂളിലെ അദ്ധ്യാപകര്‍ ചോദിച്ചപ്പോഴാണ് പിതാവിന്റെ പീഡന വിവരം കുട്ടി പുറത്തു പറഞ്ഞത്. ഇതേതുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ ശിശു ക്ഷേമ സമിതിയെ അറിയിക്കുകയും അവര്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
കോടതിയില്‍ പെണ്‍കുട്ടിയുടെ അമ്മയും ഭര്‍ത്താവിനെതിരെ മൊഴിനല്‍കി. മദ്യപിച്ചെത്തി വീട്ടില്‍ ബഹളം വക്കുന്നത് പതിവാണെന്നും ഭര്‍ത്താവ് ലൈംഗിക വൈകൃതത്തിന് അടിമയാണെന്നുമായിരുന്നു ഇവരുടെ മൊഴി. ഇതും പെണ്‍കുട്ടിയുടെ മൊഴിയും പരിഗണിച്ചാണ് കോടതി കുറ്റവാളിക്ക് കഠിന തടവ് ശിക്ഷ വിധിച്ചത്.