അവയവദാനം ഏകോപിപ്പിക്കുന്നതിന് കെ-സോട്ടോയ്ക്ക് പുതിയ വെബ്സൈറ്റ്

9

കേരളത്തിലെ മരണാനന്തര അവയവദാന പദ്ധതിയുടെ നടത്തിപ്പും മേൽനോട്ടവും വഹിക്കുന്ന കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ (കെ-സോട്ടോ) ഔദ്യോഗിക വെബ്സൈറ്റ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പുറത്തിറക്കി. എൻഐസി, സി-ഡിറ്റ് എന്നിവ മുഖേനയാണ് വെബ്സൈറ്റ് തയ്യാറാക്കിയത്.

അവയവദാനവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും ഒരു കേന്ദ്രീകൃത പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുന്നതിനായാണ് പുതിയ വെബ്സൈറ്റ് തയ്യാറാക്കിയതെന്ന് മന്ത്രി പറഞ്ഞു. അവയവദാന മേഖലയിലും അവയവമാറ്റ ശസ്ത്രക്രിയ ഉൾപ്പെടെയുള്ള കാര്യ ങ്ങളിലും സുതാര്യത ഉറപ്പുവരുത്താൻ ഈ വെബ്സൈറ്റ് സഹായിക്കും. അവയവദാനം പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ഈ രംഗത്തെ കച്ചവട താത്പര്യങ്ങൾ അവസാനിപ്പിക്കുന്നതിനും സുതാര്യമാക്കാനും വേണ്ടിയാണ് ഈ സർക്കാരിന്റെ കാലത്ത് കെ-സോട്ടോ ആരംഭിച്ചത്. പുതിയ വെബ്സൈറ്റിലൂടെ സംസ്ഥാന തലത്തിൽ കൃത്യമായി മോണിറ്റർ ചെയ്യാനും ഏകോപിപ്പിക്കാനും സാധിക്കും. അവയവ ദാനവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് ആവശ്യമായ എല്ലാവിവരങ്ങളും ഈ ബെബ്സൈറ്റിലൂടെ ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. https://ksotto.kerala.gov.in/ എന്നതാണ് വെബ്സൈറ്റിന്റെ വിലാസം.

പൊതുജനങ്ങൾക്ക് അവയവദാനത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭ്യമാകുന്ന പബ്ലിക് ഇന്റർഫേസും അവയവങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് രോഗികൾക്ക് അവർ ചികിത്സ തേടുന്ന ആശുപത്രി വഴി രജിസ്റ്റർ ചെയ്യുന്നതിനുള്ള ഹോസ്പിറ്റൽ ലോഗിനുമുണ്ട്. മരണശേഷം അവയവം ദാനം ചെയ്യുന്നതിനുള്ള സമ്മതപത്രം സമർപ്പിക്കുന്നതിനും അതിനുള്ള രേഖയായ ഡോണർ കാർഡ് പ്രിന്റ് ചെയ്തെടുക്കുന്നതിനുമുള്ള സൗകര്യമുണ്ട്. സംശയ നിവാരണത്തിനുള്ള എഫ്എക്യൂ വിഭാഗവുമുണ്ട്.

അവയവദാനവുമായി ബന്ധപ്പെട്ട പ്രധാന നിയമങ്ങൾ, ചട്ടങ്ങൾ, സർക്കാർ ഉത്തരവുകൾ, സർകുലറുകൾ, പ്രധാന പ്രോട്ടോകോളുകൾ, സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രോസീജിയറുകൾ എന്നിവ വെബ്സൈറ്റിൽ ലഭ്യമാണ്. കെ-സോട്ടോയുടെ ഭരണപരമായ വിവരങ്ങൾ, റൈറ്റ് ടു ഇൻഫർമേഷൻ എന്നിവയും വൈബ് സൈറ്റിൽ ലഭ്യമാണ്.ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യു, കെ-സോട്ടോ എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. നോബിൾ ഗ്രേഷ്യസ് എന്നിവർ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY