ആറ്റുകാല്‍ പൊങ്കാലയ്ക്ക് സര്‍വസജ്ജമായി അഗ്‌നിരക്ഷാ വകുപ്പ് ; പൊങ്കാല അടുപ്പിന് സമീപം കുട്ടികളെ നിര്‍ത്തരുതെന്ന് നിര്‍ദേശം ; അവശ്യഘട്ടങ്ങളില്‍ 101ല്‍ വിളിക്കാം

17

ആറ്റുകാല്‍ പൊങ്കാല ഉത്സവത്തിന്റെ ഭാഗമായി സുരക്ഷാക്രമീകരണങ്ങളൊരുക്കി അഗ്‌നിരക്ഷാ വകുപ്പ്. ആറ്റുകാല്‍ ദേവിക്ഷേത്രം, തമ്പാനൂര്‍, കിള്ളിപ്പാലം, അട്ടക്കുളങ്ങര, സിറ്റി ഔട്ടര്‍ ഭാഗങ്ങള്‍ എന്നിങ്ങനെ ഉത്സവമേഖലയെ അഞ്ച് സോണുകളാക്കി തിരിച്ചാണ് പ്രവര്‍ത്തനം. തിരുവനന്തപുരം റീജണല്‍ ഫയര്‍ ഓഫീസര്‍ക്ക് കീഴില്‍ മൂന്ന് ജില്ലാ ഫയര്‍ ഓഫീസര്‍മാര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. 12 മൊബൈല്‍ ടാങ്ക് യൂണിറ്റുകള്‍ , ആറ് മിനി മൊബൈല്‍ ടാങ്ക് യൂണിറ്റുകള്‍, 14 എഫ്ആര്‍വികള്‍, മൂന്ന് ഫോം ടെന്‍ഡറുകള്‍, എട്ട് ബുള്ളറ്റ് വിത്ത് വാട്ടര്‍ മിസ്റ്റ് പെട്രോളിങ് ടീം, ആറ് ആംബുലന്‍സുകള്‍ എന്നിവ ഉത്സവ മേഖലകളില്‍ ഉണ്ടാകും. വനിതകളുള്‍പ്പെടെ 130 സിവില്‍ ഡിഫന്‍സ് വൊളണ്ടിയര്‍മാരും ഹോം ഗാര്‍ഡ് ഉള്‍പ്പെടെ 300 പേരടങ്ങളുന്ന അഗ്‌നിശമനസേനാംഗങ്ങളേയും സേവനത്തിനായി വിന്യസിക്കും.

സുരക്ഷിതവും അപകടരഹിതവുമായ പൊങ്കാല ഉറപ്പാക്കുന്നതിന് ഭക്തജനങ്ങള്‍ക്കും വ്യവസായ-വ്യാപാര സ്ഥാപനങ്ങള്‍ക്കുമായി മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ അഗ്‌നിരക്ഷാവകുപ്പ് പുറത്തിറക്കി. പൊങ്കാലസമയത്ത് , പ്രദേശങ്ങളിലെ പെട്രോള്‍ പമ്പുകളിലും ഗ്യാസ് ഗോഡൗണുകളിലും പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്നാണ് നിര്‍ദേശം. വ്യാപാര സ്ഥാപനങ്ങള്‍ക്ക് സമീപം പൊങ്കാല അടുപ്പ് ഉണ്ടാകുമെന്നതിനാല്‍ തീ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ള ഇന്ധനങ്ങള്‍,തടികള്‍, ഗ്യാസ് സിലിണ്ടറുകള്‍, ചാര്‍ക്കോല്‍ ഗ്രീല്‍, പോപ്കോണ്‍ മെഷീനുകള്‍ എന്നിവ സുരക്ഷിത അകലത്തിലേക്ക് മാറ്റണം. ജനറേറ്ററുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഇന്ധനങ്ങള്‍ മാറ്റി സൂക്ഷിക്കണമെന്നും ജനറേറ്റര്‍ സംവിധാനം പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളില്‍ ഇലക്ട്രിക് വയറുകള്‍, എക്സറ്റന്‍ഷന്‍ കേബിളുകള്‍ എന്നിവയില്‍ ലൂസ് കോണ്‍ടാക്ട്, ഇന്‍സുലേഷന്‍ കവറിംഗ് വിട്ടു പോയവ, മുറിഞ്ഞു മാറിയവ എന്നിവ ശരിയാക്കണമെന്നും നിര്‍ദേശമുണ്ട്. പൊങ്കാല അടുപ്പുകള്‍ക്ക് സമീപം ഹൈഡ്രജന്‍ ബലൂണുകളുടെ വില്‍പ്പന കര്‍ശനമായി ഒഴിവാക്കണം.

പൊങ്കാല അര്‍പ്പിക്കാനെത്തുന്നവര്‍ കോട്ടണ്‍ വസ്ത്രങ്ങള്‍ മാത്രം ഉപയോഗിക്കണം. അയഞ്ഞ വസ്ത്രങ്ങള്‍, തീ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ള സിന്തറ്റിക് ഫൈബര്‍ വസ്ത്രങ്ങള്‍ എന്നിവ ഒഴിവാക്കണം.

സാരി, ചുരിദാര്‍ ഷോള്‍ എന്നിവ അലസമായി ഇടരുത്. വസ്ത്രങ്ങളിലേക്ക് തീ പടര്‍ന്നാല്‍ പരിഭ്രാന്തരായി ഓടാതെ നിലത്ത് കിടന്ന് ഉരുളുന്നത് തീ അണക്കാന്‍ സഹായിക്കും. സമീപത്തുള്ളവര്‍ കട്ടിയുള്ള തുണി ഉപയോഗിച്ച് പൊതിയുന്നതും തീ കെടുത്താന്‍ സഹായിക്കും.

പൊള്ളലേറ്റാല്‍ തണുത്തവെള്ളം ധാര ചെയ്യണം. ആംബുലന്‍സിനെ വിളിക്കണം.

പൊങ്കാല അടുപ്പിന് സമീപം സാനിറ്റേസര്‍, ബോഡി സ്പ്രേ, വിറക്, സഞ്ചികള്‍ എന്നിവ സൂക്ഷിക്കരുത്.

ഗ്രൗണ്ട് പോലുള്ള സ്ഥലങ്ങളില്‍ മുഖാമുഖമായി പൊങ്കാലയിടണം. അടുപ്പുകള്‍ തമ്മില്‍ നിശ്ചിത അകലം പാലിക്കണം.

അഗ്‌നിശമന വാഹനങ്ങള്‍ക്കും ആംബുലന്‍സുകള്‍ക്കും മാര്‍ഗതടസം ഉണ്ടാക്കരുത്.

കുട്ടികളെ പൊങ്കാല അടുപ്പിന് സമീപം നിര്‍ത്തരുത്. അടുപ്പിന് ചുറ്റും മൂന്ന് അടിയോളം വരുന്ന ഭാഗം കിഡ് ഫ്രീ ആയി സൂക്ഷിക്കണം.

വൈദ്യുത ജനറേറ്ററുകള്‍, പെട്രോള്‍ പമ്പുകള്‍, പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങള്‍, അപകട സാധ്യതയുള്ള മതിലുകള്‍, പരസ്യ ബോര്‍ഡുകള്‍, ഉണങ്ങിയ ശിഖരങ്ങള്‍ ഉള്ള വൃക്ഷങ്ങള്‍, മറ്റ് താത്കാലിക നിര്‍മിതികള്‍ എന്നിവയുടെ ചുവട്ടിലോ സമീപത്തോ അടുപ്പ് കൂട്ടരുത്.

പകല്‍ താപനില 35 ഡിഗ്രി സെല്‍ഷ്യസിന് മുകളിലായതിനാല്‍ സൂര്യാഘോതം ഏല്‍ക്കാതെ ശ്രദ്ധിക്കണം. നിര്‍ജ്ജലീകരണം ഉണ്ടാകാതിരിക്കാന്‍ ധാരാളം വെള്ളം കുടിക്കണം.അസ്വസ്ഥതകള്‍ ഉണ്ടായാല്‍ മെഡിക്കല്‍ ടീമിന്റെ സഹായം തേടണം. അടിയന്തരഘട്ടങ്ങളില്‍ അഗ്‌നിരക്ഷാ സേനയുടെ സഹായത്തിനാല്‍ 101ല്‍ വിളിക്കണമെന്നും മുന്‍കരുതല്‍ നിര്‍ദേശത്തില്‍ പറയുന്നു.

NO COMMENTS

LEAVE A REPLY