കേരളാ കോണ്‍ഗ്രസ് ബിയുമായി സഹകരണം വേണ്ടെന്ന് എന്‍സിപി

336

കൊച്ചി: ആര്‍ ബാലകൃഷ്ണ പിള്ളയുടെ നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസ് ബിയുമായി സഹകരണം വേണ്ടെന്ന് എന്‍സിപി നേതൃയോഗത്തില്‍ തീരുമാനമായി. നേതൃയോഗത്തില്‍ പങ്കെടുത്ത ഭൂരിപക്ഷം നേതാക്കളും കേരളാ കോണ്‍ഗ്രസ് ബിയുമായി സഹകരിക്കുന്നതിനെതിരെ രംഗത്തെത്തി. ഈ സാഹചര്യത്തിലാണ് സഹകരണം വേണ്ടന്ന തീരുമാനത്തിലെത്തിയിരിക്കുന്നത്.

സഹകരണം സംബന്ധിച്ച്‌ കേരളാ കോണ്‍ഗ്രസ് ബിയുമായി ഔപചാരികമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് ടിപി പീതാംബരന്‍ പറഞ്ഞു. യോഗത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ ടിപി പീതാംബരന്‍ മാസ്റ്റര്‍ക്കെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്നതായാണ് വിവരം. കഴിഞ്ഞ ദിവസമാണ് ആര്‍ ബാലകൃഷ്ണപിള്ള എന്‍സിപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു എന്ന വാര്‍ത്ത പുറത്തുവന്നത്. പിള്ള ഇതുസംബന്ധിച്ച്‌ പീതാംബരന്‍, എകെ ശശീന്ദ്രന്‍ എന്നിവരുമായി പ്രാഥമിക ചര്‍ച്ചകളും നടത്തിയിരുന്നു.

ഇതിനെ തുടര്‍ന്നാണ് പാര്‍ട്ടി അധ്യക്ഷനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നത്. പിള്ളയുടെ പാര്‍ട്ടിയുമായി സഹകരിക്കാനുള്ള തീരുമാനം പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയതായി നേതൃയോഗത്തില്‍ പങ്കെടുത്ത നേതാക്കള്‍ അഭിപ്രായപ്പെട്ടു.
കോടതിയില്‍ നിന്ന് അനുകൂല തീരുമാനമുണ്ടായാല്‍ എകെ ശശീന്ദ്രനെ മന്ത്രിയാക്കാനും യോഗത്തില്‍ ധാരണയായി. എന്‍സിപിയുമായി സഹകരിക്കുന്നതിന് കേരളാ കോണ്‍ഗ്രസ് ബി ഉള്‍പ്പെടെ പലപാര്‍ട്ടികളും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
എന്നാല്‍ അതുസംബന്ധിച്ച്‌ ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചകള്‍ നടന്നില്ല. അദ്ദേഹം പറഞ്ഞു. അനൗപചാരികമായി ആരെങ്കിലും ചര്‍ച്ച നടത്തിയിട്ടുണ്ടോ എന്നറിയില്ല.

NO COMMENTS