അഴിമതിക്കും ഭീകരവാദത്തിനും കള്ളപ്പണത്തിനും എതിരായ യജ്ഞത്തില്‍ പൂര്‍ണ ഹൃദയത്തോടെ പങ്കുകൊള്ളുന്ന ഇന്ത്യന്‍ ജനതയെ നമിക്കുന്നു : നരേന്ദ്ര മോദി

182

ന്യൂഡല്‍ഹി • നോട്ടു നിരോധനത്തെ ന്യായീകരിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും രംഗത്ത്. അഴിമതിക്കും ഭീകരവാദത്തിനും കള്ളപ്പണത്തിനും എതിരായ ഇപ്പോഴത്തെ യജ്ഞത്തില്‍ പൂര്‍ണ ഹൃദയത്തോടെ പങ്കുകൊള്ളുന്ന ഇന്ത്യന്‍ ജനതയെ താന്‍ നമിക്കുകയാണെന്ന് മോദി വ്യക്തമാക്കി. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് നോട്ട് അസാധുവാക്കല്‍ നടപടിയെ പിന്തുണച്ച ജനങ്ങളെ മോദി നന്ദി അറിയിച്ചത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ കര്‍ഷകര്‍, വ്യാപാരികള്‍, തൊഴിലാളികള്‍ തുടങ്ങിയ എല്ലാവര്‍ക്കും ഈ സര്‍ക്കാര്‍ നടപടിയുടെ ഗുണം ലഭിക്കുമെന്ന് മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ജനങ്ങള്‍ക്ക് അല്‍പം പ്രയാസമൊക്കെ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും കുറഞ്ഞകാലത്തെ ഈ വേദനകള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കിയാല്‍ ഗുണങ്ങള്‍ മാത്രമായി മാറുമെന്നും മോദി കുറിച്ചു. അഴിമതിയും കള്ളപ്പണവും നിമിത്തം ഗ്രാമീണ ഇന്ത്യയുടെ വികസനവും സമ്ബല്‍സമൃദ്ധിയും മുരടിച്ചുപോകുന്ന അവസ്ഥ ഇനിയുണ്ടാകില്ല. നമ്മുടെ രാജ്യത്തെ ഗ്രാമങ്ങള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന പങ്കുതന്നെ ലഭിക്കണമെന്നും മോദി വ്യക്തമാക്കി. കൂടുതല്‍ കറന്‍സി രഹിത പണമിടപാടുകള്‍ നടത്തിയും സാമ്ബത്തിക ഇടപാടുകള്‍ക്കായി അത്യാധുനിക സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയും ചരിത്രത്തെ പുണരാനുള്ള സുവര്‍ണാവസരമാണ് നമുക്ക് ലഭിച്ചിരിക്കുന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കള്ളപ്പണം ഇല്ലാതാകുന്നുവെന്ന് ഉറപ്പാക്കേണ്ടത് നമ്മുടെ കൂട്ടുത്തരവാദിത്തമാണ്. രാജ്യത്തെ പാവപ്പെട്ടവരും സാധാരണക്കാരുമായ ജനങ്ങളെ പുനരുദ്ധരിക്കാനും ഭാവി തലമുറകള്‍ക്ക് മികച്ച ജീവിതം ലഭിക്കാനും ഇത് അനിവാര്യമാണെന്നും മോദി ചൂണ്ടിക്കാട്ടി.

NO COMMENTS

LEAVE A REPLY