ഭീകരവാദികള്‍ക്ക് പിന്തുണ നല്‍കുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് ഒരു ദക്ഷിണേഷ്യന്‍ രാജ്യമാണ് : നരേന്ദ്ര മോദി

238

ഹാങ്ക്ചോ (ചൈന)• ജി20 ഉച്ചകോടിയുടെ അവസാന ദിനത്തിലും ഭീകരവാദം ‘സ്പോണ്‍സര്‍’ ചെയ്യുന്ന പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണയും പാക്കിസ്ഥാന്റെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും ഒരേയൊരു ദക്ഷിണേഷ്യന്‍ രാജ്യമാണ് ഭീകരവാദികള്‍ക്ക് പിന്തുണ നല്‍കുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതെന്ന് മോദി വ്യക്തമാക്കി.അനുദിനം വളരുന്ന ഭീകരവാദത്തിന്റെയും അക്രമത്തിന്റെയും ശക്തികള്‍ കടുത്ത ഭീഷണിയാണ് ലോക സമാധാനത്തിന് ഉയര്‍ത്തുന്നത്. ദേശീയ നയത്തിന്റെ ഭാഗമായിത്തന്നെ ഭീകരതയെ ഉപയോഗിക്കുന്ന രാജ്യങ്ങളും നമുക്കിടയിലുണ്ട് – ഉച്ചകോടിയുടെ അവസാന സെഷനില്‍ സംസാരിച്ച മോദി പറഞ്ഞു.ഇന്ത്യയുള്‍പ്പെടുന്ന പ്രവിശ്യയില്‍ ഭീകരവാദം വളര്‍ത്തുന്നത് ഒരുപക്ഷേ, ഒരേയൊരു ദക്ഷിണേഷ്യന്‍ രാജ്യമാണ്.ഭീകരവാദത്തോട് ഒരുതരത്തിലും സന്ധിയില്ലെന്ന് പ്രഖ്യാപിച്ച രാജ്യമാണ് ഇന്ത്യ. അതില്‍ക്കൂടുതല്‍ ഭീകരതയ്ക്കെതിരെ ഒരു നിലപാടും സാധ്യമല്ല. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഭീകരരെന്നാല്‍ ഭീകരര്‍ മാത്രമാണ് – മോദി കൂട്ടിച്ചേര്‍ത്തു.ഭീകരതയ്ക്കെതിരെ രാജ്യാന്തര കൂട്ടായ്മ ശക്തമാക്കേണ്ട കാലം അതിക്രമിച്ചെന്നും മോദി ചൂണ്ടിക്കാട്ടി. ഭീകരതയെ പ്രോത്സാഹിപ്പിക്കുകയും സ്പോണ്‍സര്‍ ചെയ്യുകയും ചെയ്യുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തുകയും വിലക്കുകയുമാണ് വേണ്ടത്. അല്ലാതെ അവരെ ആദരിക്കുകയല്ല – മോദി പറഞ്ഞു.

NO COMMENTS

LEAVE A REPLY