കാസറഗോഡ് മുളിയാര്‍ ഗ്രാമപഞ്ചായത്തില്‍ ഇനി മഴവെള്ളം ഒരു തുള്ളി പോലും പാഴാകില്ല.

128

കാസറഗോഡ് : മുളിയാര്‍ ഗ്രാമപഞ്ചായത്തില്‍ മഴവെള്ളം ഇനി ഒരു തുള്ളി പോലും പാഴാകില്ല. പഞ്ചായത്തില്‍ മഴവെള്ള സംഭരണത്തിനായി ഇത്തവണ 400 ഓളം മഴക്കുഴികളാണ് ഒരുക്കിയത്. അവശേഷിക്കുന്ന 500 ഓളം മഴക്കുഴികളുടെ പണി ഈ മാസം അവസാനത്തോടുകൂടി പൂര്‍ത്തീകരിക്കും. മഴക്കുഴിയിലൂടെ ഒഴുകി പോവുന്ന ജലത്തെ തടഞ്ഞ് നിര്‍ത്തി മണ്ണില്‍ ഇറക്കി വിടുകയാണ് ചെയ്യുന്നത്. വെള്ളം ഒരു തുള്ളി പോലും പാഴാക്കാതെ ഭൂമി കുടിക്കുന്നു. ഇതുമൂലം ഭൂഗര്‍ഭ ജല ലഭ്യത വര്‍ദ്ധിക്കുന്നു. കൂടാതെ കിണറുകളിലും കുളങ്ങളിലും വേനല്‍ കാലത്ത് ജലനിരപ്പ് ഉയരുന്നു. വരള്‍ച്ചയില്‍ നിന്ന് കരകയറാനും ജലദൗര്‍ലഭ്യത്തില്‍ നിന്ന് മോചനമൊരുക്കാനും മഴക്കുഴി ഒരു പരിധി വരെ സഹായകരമാകും.

എല്ലാ വര്‍ഷവും മുളിയാര്‍ പഞ്ചായത്തില്‍ മഴക്കുഴി നിര്‍മ്മിക്കാറുണ്ട്. മഴക്കാലത്തിന് മുന്‍പ് മാര്‍ച്ച് അവസാനത്തോടെ പഞ്ചായത്ത് പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും നേതൃത്വത്തില്‍ പഞ്ചായത്തിലെ ഓരോ വാര്‍ഡിലും മഴക്കുഴിയുടെ ആവശ്യകതയെ കുറിച്ചും ഇത് ഉണ്ടാക്കുന്ന നേട്ടങ്ങളെക്കുറിച്ചും ആളുകളെ ബോധവത്കരിക്കുന്നു.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായാണ് മഴക്കുഴി നിര്‍മ്മിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 850 മഴക്കുഴികളാണ് പഞ്ചായത്തില്‍ നിര്‍മ്മിച്ചത്. മഴക്കുഴി ചെറുതായി ചരിവുള്ള സ്ഥലത്ത് മാത്രയെ നിര്‍മ്മിക്കാറുള്ളൂ. കുത്തി ഒലിച്ചുപോകുന്ന ജലത്തിന്റെ വേഗത കുറച്ച് ഭൂമിയിലേക്ക് ഒഴുക്കിവിടാനാണ് ചരിഞ്ഞ സ്ഥലത്ത് നിര്‍മ്മിക്കുന്നത്.

ഒന്നര മീറ്റര്‍ നീളം, ഒരു മീറ്റര്‍ വീതി എന്ന കണക്കിലാണ് മഴക്കുഴി നിര്‍മ്മിക്കുക. എത്ര ശക്തമായ മഴ വന്നാലും ഇടിഞ്ഞ് പോകാത്ത രീതിയിലായിരിക്കും മഴക്കുഴിയുടെ നിര്‍മാണം. വരും കാലങ്ങളിലേക്കുള്ള ജലസംരക്ഷണ മാര്‍ഗ്ഗമായാണ് മഴക്കുഴിയെ ഇവിടുത്തുകാര്‍ കാണുന്നത്.

NO COMMENTS