ജനുവരി 8, 9 തിയതികളില്‍ നടക്കുന്ന ദേശീയ പണിമുടക്കില്‍ വ്യാപാരികള്‍ സഹകരിക്കില്ല.

139

കൊച്ചി: വ്യാപാരികള്‍ സഹകരിക്കില്ലെങ്കിലും വരുന്ന ദേശീയ പണിമുടക്കിന് പിന്തുണയുമായി കൂടുതല്‍ സംഘടനകള്‍. തൊഴിലാളി സംഘടനകള്‍ക്കൊപ്പം മോട്ടോര്‍ മേഖലയും, ബാങ്കിംഗ് തൊഴിലാളി സംഘടനകളും വരുന്ന 8, 9 തിയതികളില്‍ നടക്കുന്ന പണിമുടക്കില്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചു. കേന്ദ്രസര്‍ക്കാരിന്‍റേത് തൊഴിലാളി വിരുദ്ധ നയമെന്ന് ആരോപിച്ചാണ് വിവിധ സംഘടനകള്‍ പണിമുടക്ക് നടത്തുന്നത്.

വര്‍ഷം പിറന്ന് ഉടനടിയുണ്ടായ ഹര്‍ത്താലിന് തൊട്ടു പിറകെ രണ്ട് ദിവസത്തെ പണിമുടക്ക് കൂടിയാണ് ജനത്തിന് അനുഭവിക്കേണ്ടി വരിക. ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകള്‍ ചേര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പണിമുടക്ക് നടത്തുന്നത്.
അവശ്യ സാധനങ്ങളുടെ വിലക്കയറ്റം തടയുക, തൊഴില്ലിലായ്മ പരിഹരിക്കുക, മിനിമം വേതനവും പെന്‍ഷനും കൂട്ടുക തുടങ്ങിയവയാണ് ആവശ്യങ്ങള്‍. ഇന്ധന വിലക്കയറ്റം നിയന്ത്രിക്കുക, ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധനവ് പിന്‍വലിക്കുക, പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നത് തടയുന്ന മോട്ടോര്‍ വാഹന നിയമ ഭേദഗതി നടപ്പാക്കാതിരിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മോട്ടോര്‍ തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത്. കെഎസ്‌ആര്‍ടിസി, ടാക്സി, സ്വകാര്യ ബസ്, ചരക്ക് ലോറികള്‍ തുടങ്ങി വിവിധ മേഖലയിലെ തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കും.

തൊഴിലാളികളും, കര്‍ഷക സംഘടനകളും ചേര്‍ന്ന് നടത്തുന്ന പണിമുടക്കിന് എഐബിഇഎ, ബിഇഎഫ്‌ഐ തുടങ്ങി ബാങ്കിംഗ് ഇന്‍ഷുറന്‍സ് മേഖലയിലെ സംഘടനകളുടെയും പിന്തുണയുണ്ട്. പുറംകരാര്‍ വല്‍ക്കരണം നിര്‍ത്തുക, കോര്‍പ്പറേറ്റ് കിട്ടാക്കടങ്ങള്‍ തിരിച്ച്‌ പിടിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്.

NO COMMENTS