കാലവർഷം ശക്തം ; കോട്ടയത്ത് ഉരുൾപൊട്ടി; പൊന്മുടിയിൽ വിനോദ സഞ്ചാരികൾ കുടുങ്ങി

40

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കാലവർഷം ശക്തം.കോട്ടയത്ത് വീണ്ടും ഉരുൾപൊട്ടി..പൊന്മുടിയിൽ വിനോദ സഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. തിരുവനന്തപുരം, കോട്ടയം, കൊല്ലം ജില്ലകളിൽ ശക്തമായ മഴ. നിരവധിയിടങ്ങളിൽ മലവെള്ളപ്പാച്ചിലുണ്ടായി. പല പ്രദേശങ്ങളിലും വെള്ളം കയറിയ നിലയിലാണ്.

തിരുവനന്തപുരം മലയോര മേഖലകളിൽ ശക്തമായ മഴ തുടരുകയാണ്. പൊന്മുടിയിൽ എത്തിയ വിനോദസഞ്ചാരികളാണ് പുറങ്ങിക്കിടക്കുന്നത്. കല്ലാറിൽ നിന്ന് മീൻ മുട്ടി വെള്ളച്ചാട്ടം കാണാൻ പോകുന്ന വഴിയിലുള്ള കൈത്തോട് നിറഞ്ഞു കവിഞ്ഞൊഴുകുന്നതിനാൽ അക്കരെയുള്ള വിനോദ സഞ്ചാരികൾക്ക് ഇപ്പുറത്ത് എത്താൻ കഴിയാത്ത സാഹചര്യമാണുള്ളത്. വാഹനങ്ങളൊക്കെ അക്കരെ കുടുങ്ങിക്കിടക്കുകയാണ്. കുറച്ചു പേരെ നാട്ടുകാർ ചേർന്ന് ഇക്കരയ്ക്ക് എത്തിച്ചു. പല വീടുകളിലും വെള്ളം കയറിയ നിലയിലാണ്. പ്രദേശത്തുള്ളവർ സുരക്ഷിതരാണെന്നാണ് വിവരം. മഴ ശക്തമാകുന്ന സാഹചര്യത്തിൽ ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യം വന്നാൽ അതിനുവേണ്ടിയിട്ടുള്ള സൗകര്യങ്ങൾ പഞ്ചായത്തും അധികൃതവും ഒരുക്കിയിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിൽ അടുത്ത ദിവസങ്ങളിൽ കനത്ത മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകി. നദികൾ, ജലാശയങ്ങൾ, തോടുകൾ തുടങ്ങിയ സ്ഥലങ്ങളിൽ കുളിക്കാനോ അലക്കാനോ മൃഗങ്ങളെ കുളിപ്പിക്കാനോ ഇറങ്ങരുതന്നും കടലിന് സമീപം പോവുകയോ കടലിൽ ഇറങ്ങുകയോ ചെയ്യരുതന്നും രാത്രിയാത്രകൾ പരമാവധി ഒഴിവാക്കണമെന്നും വാഹനങ്ങൾ വേഗത കുറച്ച് പോകണമെന്നും കളക്ടർ അറിയിച്ചു.

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

NO COMMENTS