തച്ചങ്കരിയെ പ്രശംസിച്ച് ഫാന്‍സിന്‍റെ ഫ്ലക്സ് ബോര്‍ഡുകള്‍

182

കോട്ടയം: ഗതാഗത വകുപ്പ് കാര്യാലയങ്ങളിൽ ജൻമദിനാഘോഷം നടത്തി വെട്ടിലായ ട്രാൻസ്പോർട്ട് കമ്മീഷണർ ടോമിൻ ജെ തച്ചങ്കരിയെ അനുകൂലിച്ച് കോട്ടയം ചങ്ങനാശ്ശേരിയിൽ ഫ്ലക്സ് ബോർഡുകൾ. തച്ചങ്കരി ഫാൻസിന്റെ പേരിൽ സ്ഥാപിച്ചിരിക്കുന്ന ബോർഡുകൾ പക്ഷേ ആരാണ് വച്ചതെന്ന് നാട്ടുകാർക്ക് അറിയില്ല.
കഴിവുള്ളവ‍‍ർ എന്നും ശ്രദ്ധിക്കപ്പെടും. ആര് തളച്ചിട്ടാലും തളരില്ല. വർദ്ധിത വീര്യത്തോടെ പ്രവർത്തിക്കുന്ന ടോമിൻ ജെ തച്ചങ്കരിക്ക് ആശംസകളെന്ന വാക്യങ്ങളോടെയാണ് ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. തച്ചങ്കരി ഫാൻസിന്റെ പേരിൽ ചങ്ങനാശ്ശേരിയിലെ കവലകളിലും പാറേപ്പള്ളിക്ക് മുന്നിലുമാണ് ഫ്ലക്സ് ബോർഡുകൾ വച്ചിരിക്കുന്നത്.
ഗതാഗത വകുപ്പിലെ തീരുമാനങ്ങളെ ചൊല്ലി മന്ത്രിയും ട്രാൻസ്പോർട്ട് കമ്മീഷണറും രണ്ട് തട്ടിൽ തുടരുന്പോൾ ജനപിന്തുണ തച്ചങ്കരിക്കാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് ഫ്ലക്സിന് പിന്നിലെ ഗുട്ടൻസെന്നും നാട്ടുകാർ പറയുന്നു. തച്ചങ്കരിയുടെ ജൻമനാട് കൂടിയാണ് ചങ്ങനാശ്ശേരി. എന്തായാലും രായ്ക്ക് രായ്മാനം നഗരത്തിൽ നിരന്ന തച്ചങ്കരി ഫ്ലക്സുകൾ കണ്ട് അന്തം വിട്ട് നിൽക്കുകയാണ് ചങ്ങനാശ്ശേരിക്കാർ.

NO COMMENTS

LEAVE A REPLY