ചട്ടവിരുദ്ധമായി കെ.എസ്.ഇ.ബി.യില്‍ 233 അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ്എ ന്‍ജിനീയര്‍(എ.എക്സ്.ഇ)മാരെ സ്ഥലം മാറ്റി

224

കോട്ടയം: ചട്ടവിരുദ്ധമായി കെ.എസ്.ഇ.ബി.യില്‍ 233 അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ്എ ന്‍ജിനീയര്‍(എ.എക്സ്.ഇ)മാരെ സ്ഥലം മാറ്റി. ഉത്തരവ് ആദ്യം പുറത്തിറങ്ങിയത് കെ.എസ്.ഇ.ബി. ഭരണകക്ഷി സംഘടനയായ കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷന്‍റെ വെബ്സൈറ്റില്‍. സംഭവം വിവാദമായതോടെ ഒരുദിവസത്തിനുശേഷം കെ.എസ്.ഇ.ബിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ സ്ഥലംമാറ്റ ഉത്തരവ് പ്രസിദ്ധീകരിച്ച്‌ അധികൃതര്‍ തടിതപ്പി.ജനറല്‍ ട്രാന്‍സ്ഫര്‍ ഉത്തരവിലൂടെയാണ് കെ.എസ്.ഇ.ബിയില്‍ ആകെയുള്ള 650 എ.എക്സ്.ഇമാരില്‍ 233 േപരെയും സ്ഥലം മാറ്റിയിരിക്കുന്നത്. സര്‍ക്കാരുകള്‍ മാറുന്നതനുസരിച്ച്‌ സ്ഥലംമാറ്റം പതിവാണെങ്കിലും മേയ്, ജൂണ്‍ മാസങ്ങളില്‍ മാത്രമേ ജനറല്‍ സ്ഥലംമാറ്റം നടത്താവൂ എന്നാണ് ഇതുവരെയുള്ള കീഴ്വഴക്കം.ഇതിന്‍റെ നഗ്നമായ ലംഘനമാണ് കെ.എസ്.ഇ.ബിയില്‍ അരങ്ങേറിയതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
കഴിഞ്ഞ ഏഴിനാണു സ്ഥലംമാറ്റ ഉത്തരവ് ഇറങ്ങിയത്. അന്നു രാത്രി 10.45 ന് ഓഫീസേഴ്സ് അസോസിയേഷന്‍റെ കെഎസ്‌ഇബിഒഎ.ഒാര്‍ഗ് എന്ന വെബ്സൈറ്റില്‍ ഉത്തരവ് പ്രത്യക്ഷപ്പെട്ടതതോടെ വിവാദമായി. ഒടുവില്‍ ഇന്നലെ വൈകിട്ട് 3.45 നാണ് ഇലക്‌ട്രിസിറ്റി ബോര്‍ഡിന്‍റെ കെഎസ്‌ഇബി.ഇന്‍ എന്ന വെബ്സൈറ്റില്‍ സ്ഥലംമാറ്റ ഉത്തരവ് പ്രസിദ്ധീകരിച്ചത്.സാധാരണ മൂന്നുവര്‍ഷം കൂടുന്പോഴാണ് കെ.എസ്.ഇ.ബിയില്‍ ഓഫീസര്‍മാരെ സ്ഥലം മാറ്റുന്നത്. അതല്ലെങ്കില്‍ പൊതുജനങ്ങളുടെ കഴന്പുള്ള പരാതിയുടെ അടിസ്ഥാനത്തിലോ ജോലിയിലെ കൃത്യവിലോപത്തിന്‍റെ പേരിലോ രണ്ടുമല്ലെങ്കില്‍ ഉദ്യോഗസ്ഥന്‍ നല്‍കുന്ന ന്യായമായ അപേക്ഷ പരിഗണിച്ചോ മാത്രമേ സ്ഥലം മാറ്റാന്‍ കഴിയൂയെന്നാണു വ്യവസ്ഥ. കഴിഞ്ഞ മാസം അസിസ്റ്റന്‍റ് എന്‍ജിനീയര്‍മാരെയും കൂട്ടത്തോടെ സ്ഥലം മാറ്റിയിരുന്നു. ഇതു ചട്ടവിരുദ്ധമെന്നുകാട്ടി ഹൈക്കോടതിയെ സമീപിച്ച 23 പേര്‍ക്ക് സ്റ്റേ ലഭിച്ചു. ഇതിനുപുറമേ 40 സീനിയര്‍ സൂപ്രണ്ടുമാരുടെ സ്ഥലംമാറ്റവും കോടതി സ്റ്റേ ചെയ്തു. രാഷ്ട്രീയ പ്രേരിതമെന്ന് ആരോപിക്കപ്പെടുന്ന നടപടികള്‍ വിവാദമായതോടെ സ്ഥലം മാറ്റപ്പെട്ടവരില്‍ ബഹുഭൂരിപക്ഷവും കെ.എസ്.ഇ.ബി. ചെയര്‍മാനു പരാതി നല്‍കാനുള്ള തയാറെടുപ്പിലാണ്.

NO COMMENTS

LEAVE A REPLY