10 കോടി ചെലവിൽ എംപിഐയുടെ കോഴിയിറച്ചി സംസ്‌കരണ യൂണിറ്റ് നിർമ്മാണം ഉടൻ

16

കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായി 10 കോടി രൂപ ചെലവിൽ കോഴിയിറച്ചി സംസ്‌കരണ യൂണിറ്റിന്റേയും മാലിന്യ സംസ്‌കരണ ത്തിനുള്ള ഡ്രൈ റെൻഡറിംഗ് യൂണിറ്റിന്റേയും നിർമ്മാണം മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യയുടെ (എംപിഐ) മേൽനോട്ടത്തിൽ ഉടൻ ആരംഭിക്കുമെന്ന് മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. പദ്ധതിയ്ക്ക് ഭരണാനുമതി ലഭിച്ചതായും മന്ത്രി അറിയിച്ചു. ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിലെ ഒളിമ്പ്യ ഹാളിൽ മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യയുടെ മീറ്റ്സ് ആൻഡ് ബൈറ്റ്സ് ഫ്രാഞ്ചൈസി ഔട്ട്‌ലെറ്റുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി.

തുടക്കത്തിൽ നഷ്ടത്തിലായിരുന്ന എംപിഐയെ സംസ്ഥാന സർക്കാർ ഏറ്റെടുത്തതിലൂടെ വികസനോൻമുഖ പദ്ധതികളിലൂടെയാണ് എംപിഐ മുന്നോട്ടു പോകുന്നത്. ഫ്രാഞ്ചൈസികൾ ആരംഭിക്കുന്നതിലൂടെ നിരവധി പേർക്ക് തൊഴിലുറപ്പാക്കാനും കഴിയും. ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ പാലിച്ച് സംശുദ്ധവും സമ്പുഷ്ടവുമായ ഇറച്ചിയും ഇറച്ചി ഉൽപ്പന്നങ്ങളും അത്യാധുനിക സംവിധാനത്തിൽ ശാസ്ത്രീയമായി സംസ്‌കരിച്ച് ജനങ്ങൾക്ക് വിതരണം നടത്തിവരുന്നുണ്ട്. എംപിഐ ബ്രാൻഡ് ഇറച്ചി ഉൽപ്പന്നങ്ങൾക്കുള്ള സ്വീകാര്യത ഉപഭോക്താക്കൾക്കിടയിൽ വർദ്ധിച്ചുവരുന്നതായും മന്ത്രി പറഞ്ഞു.

പാൽ, മുട്ട, ഇറച്ചി ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത നേടുകയാണ് സർക്കാർ ലക്ഷ്യം. ഇതിന്റെ ഭാഗമായി 32 കോടി രൂപ ചെലവിൽ ഇടയാറിൽ നിർമ്മിച്ച പ്ലാന്റിലൂടെ ഏഴായിരത്തി എണ്ണൂറ് മെട്രിക് ടൺ ഇറച്ചിയാണ് ഉൽപ്പാദിപ്പിക്കുന്നത്. ഏരൂരിലെ പ്ലാന്റിൽ പ്രതിദിനം നാലു മെട്രിക് ടൺ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഉൽപ്പാദിപ്പിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. ചടങ്ങിൽ ഫ്രാഞ്ചൈസി സംരംഭകർക്കുള്ള രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ മന്ത്രി വിതരണം ചെയ്തു.

ഫ്രോസൺ ഇറച്ചി ഉൽപ്പന്നങ്ങൾക്കു പുറമേ ഉപഭോക്താക്കളുടെ ആഗ്രഹവും ഭക്ഷ്യാഭിരുചിയും കണക്കിലെടുത്ത് സുരക്ഷിതത്വ മുറപ്പിച്ചുള്ള എംപിഐ ബ്രാൻഡ് ചിൽഡ്/ ഫ്രെഷ് ഇറച്ചി സംസ്‌കരിച്ചു വിതരണം നടത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് മീറ്റ്സ് ആൻഡ് ബൈറ്റ്സ് ഔട്ട്ലെറ്റുകൾ ആരംഭിക്കുന്നത്. ആദ്യഘട്ടം സംരംഭക പദ്ധതി എന്ന നിലയിൽ തിരുവനന്തപുരം മുതൽ തൃശൂർ വരെ 250 ഫ്രാഞ്ചൈസി ഔട്ട്‌ലെറ്റുകളാണ് ഉദ്ദേശിക്കുന്നത്. തുടർന്ന് മറ്റു ജില്ലകളിലും പദ്ധതി നടപ്പിലാക്കും. ഇതിനകം രജിസ്റ്റർ ചെയ്ത് നിർമാണം പൂർത്തിയാക്കിയിട്ടുള്ളതും പ്രവർത്തന സജ്ജവുമായ 30 എംപിഐ മീറ്റ്സ് ആൻഡ് ബൈറ്റ്സ് ഫ്രാഞ്ചൈസി ഔട്ട്‌ലെ റ്റുകൾ സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള നാലാം നൂറുദിന പരിപാടികളുടെ ഭാഗമായാണ് പ്രവർത്തനം ആരംഭിക്കുന്നത്.

ആന്റണി രാജു എംഎൽഎ അദ്ധ്യക്ഷനായിരുന്ന ചടങ്ങിൽ എംപിഐ ചെയർമാൻ ഇ കെ ശിവൻ, എംഡി സലിൽ കുട്ടി, ഡയറക്ടർ കെ എസ് മോഹൻ, തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ പാളയം രാജൻ തുടങ്ങിയവർ സംബന്ധിച്ചു.

NO COMMENTS

LEAVE A REPLY