വൈദ്യുതിഭവനില്‍ വനിതാ ചീഫ് എന്‍ജിനീയര്‍ക്ക് അസഭ്യവര്‍ഷവും ഭീഷണിയും

325

തിരുവനന്തപുരം: കെ.എസ്.ഇ.ബി. ആസ്ഥാനമായ വൈദ്യുതിഭവനില്‍ വനിതാ ചീഫ് എന്‍ജിനീയര്‍ക്ക് അസഭ്യവര്‍ഷവും ഭീഷണിയും. സ്ഥലംമാറ്റത്തില്‍ പ്രതിഷേധിച്ച്‌ എത്തിയ യു.ഡി.ഇ.എഫ്. സംഘടനാനേതാക്കള്‍ ചീഫ് എന്‍ജിനീയറെ ഉപരോധിക്കുകയും ഓഫീസ് ഉപകരണങ്ങള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തതിനേത്തുടര്‍ന്നു 11 ജീവനക്കാരെ ബോര്‍ഡ് സസ്പെന്‍ഡ് ചെയ്തു.
എന്നാല്‍, സസ്പെന്‍ഷന്‍ ഉത്തരവ് റദ്ദാക്കണമെന്നു കെ.എസ്.ഇ.ബി. ചെയര്‍മാന്‍ ആവശ്യപ്പെട്ടതു വിവാദമായി. ബോര്‍ഡിലെ ഇലക്‌ട്രിസിറ്റി വര്‍ക്കര്‍മാരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ടാണു ചീഫ് എന്‍ജിനീയറെ ഉപരോധിച്ചത്. കാട്ടാക്കട ഡിവിഷനിലുള്ളവരെ തിരുവനന്തപുരത്തേക്കും തിരുവനന്തപുരത്തുള്ള ജീവനക്കാരെ തിരിച്ചും സ്ഥലംമാറ്റിയിരുന്നു.ഇതില്‍ പ്രതിഷേധിച്ചായിരുന്നു യു.ഡി.ഇ.എഫ്. ഉപരോധം.
ഓഫീസ് ഉപകരണങ്ങള്‍ തകര്‍ത്ത ഇവര്‍ വനിതാ ഉദ്യോഗസ്ഥയെ അസഭ്യം പറയുകയും മൊബൈല്‍ ഫോണില്‍ ഫോട്ടോ എടുക്കുകയും ചെയ്തു. ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു. ചീഫ് എന്‍ജിനീയറുടെ പരാതിപ്രകാരം മെഡിക്കല്‍ കോളജ് പോലീസ് സ്ഥലത്തെത്തി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. പോലീസ് നടപടിയുടെ അടിസ്ഥാനത്തില്‍ യു.ഡി.ഇ.എഫ്. ജില്ലാ ജോയിന്‍റ് സെക്രട്ടറി നെയ്യാറ്റിന്‍കര പ്രദീപ്, ജില്ലാ സെക്രട്ടറി അജിത് എന്നിവരടക്കം 11 പേരെയാണു സസ്പെന്‍ഡ് ചെയ്തത്. എന്നാല്‍, സസ്പെന്‍ഷന്‍ റദ്ദാക്കണമെന്നാണു ബോര്‍ഡ് ചെയര്‍മാന്‍റെ നിലപാട്. ഇക്കാര്യം അദ്ദേഹം ചീഫ് എന്‍ജിനീയറോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ പരാതി പിന്‍വലിച്ചില്ല. മുന്‍സര്‍ക്കാരിന്‍റെ കാലത്തു ബോര്‍ഡിലെ സ്ഥലംമാറ്റങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചതു യു.ഡി.ഇ.എഫായിരുന്നു. എന്നാല്‍, ഭരണമാറ്റത്തോടെ ഈ സ്വാധീനം നഷ്ടപ്പെട്ടു. സസ്പെന്‍ഷന്‍ പിന്‍വലിപ്പിക്കാനുള്ള ചെയര്‍മാന്‍റെ നീക്കത്തിനെതിരേ ബോര്‍ഡിലെ മറ്റു സംഘടനകള്‍ രംഗത്തെത്തി.

NO COMMENTS

LEAVE A REPLY