കൂടത്തായി കൊലപാതകം – മുഖ്യപ്രതി ജോളിക്ക് വേണ്ടി അഡ്വക്കേറ്റ് ആളൂർ കോടതിയില്‍.

141

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരകളിലെ മുഖ്യപ്രതിജോളിക്ക് വേണ്ടി വക്കാലത്ത് ഒപ്പിടാന്‍ അഡ്വക്കേറ്റ് ആളൂരിന്റെ ജൂനിയര്‍കോടതിയില്‍ എത്തി. പ്രതികളെ പോലീസ് കോടതിയില്‍ ഹാജരാക്കിയ സമയത്താണ് ആളൂരിന്റെ ജൂനിയര്‍ അഭിഭാഷന്‍ വക്കാലത്തുമായി വന്നത്. ജോളിയുടെ കട്ടപ്പനയിലുള്ള അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും തന്നെ സമീപിച്ചിരുന്നുവെന്ന് ആളൂര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കേസില്‍ ആറുദിവസത്തേക്കാണ് മൂന്ന് പ്രതികളെയുംകോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.

ആളൂരിന്റെ പ്രതിനിധി കഴിഞ്ഞദിവസം, റിമാന്‍ഡിലുള്ള പ്രതിയെ കാണാന്‍ ജില്ലാ ജയിലിലെത്തിയിരുന്നു. എന്നാല്‍, അവധിദിവസമായതിനാല്‍ കാണാനായില്ല. അന്വേഷണം പ്രാഥമികഘട്ടത്തിലായതിനാല്‍ അന്വേഷണ പുരോഗതി അറിഞ്ഞശേഷം മുന്നോട്ടുപോകാനാണ് ജോളിയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടതെന്ന് ആളൂര്‍ പറയുന്നു. മറ്റാരും കേസ് ഏറ്റെടുക്കാന്‍ മുന്നോട്ടുവന്നിട്ടില്ല. തന്റെ ആളുകള്‍ കേസിന്റെ വിവരങ്ങള്‍ അപ്പപ്പോള്‍ അറിയിക്കുന്നുണ്ട്. ദുര്‍ബലമായ കേസാണ് പോലീസ് കെട്ടിപ്പൊക്കുന്നത് -ആളൂര്‍ പറഞ്ഞു.

കോളിളക്കം സൃഷ്ടിച്ച പല കേസുകളിലും പ്രതികള്‍ക്കുവേണ്ടി ഹാജരായ ആളാണ് ആളൂര്‍. സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിക്കുവേണ്ടി ഹാജരായി. സുപ്രീംകോടതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഏഴുവര്‍ഷം തടവാക്കി ചുരുക്കി. പെരുമ്ബാവൂരിലെ നിയമവിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു കൊന്നകേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിനുവേണ്ടിയും ആളൂര്‍ ഹാജരായി.

മൂന്നാംപ്രതി പ്രജികുമാറിനുവേണ്ടിയും അഭിഭാഷകരാരും ഇതുവരെ വന്നിട്ടില്ല. രണ്ടാം പ്രതി മാത്യുവിനുവേണ്ടി കോഴിക്കോട്ടെ അഭിഭാഷകന്‍ സി.പി. അബ്ദുള്‍ റഫീഖ് ഹാജരാകും. ഇദ്ദേഹത്തിന്റെ ജൂനിയര്‍ അഭിഭാഷകന്‍ ബിനോയ് അഗസ്റ്റ്യനാണ് ജാമ്യാപേക്ഷ നല്‍കിയത്. ജോളിയുടെ കട്ടപ്പനയിലെ ബന്ധുക്കളാരും നിയമജ്ഞരെ ബന്ധപ്പെട്ടിട്ടില്ലെന്നു സഹോദരന്‍ നോബി. നിയമസഹായവും നല്‍കില്ല. അഡ്വ. ആളൂരിന്റെ ജൂനിയര്‍ എന്നു പരിചയപ്പെടുത്തി ഒരാള്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍, താത്പര്യമില്ലെന്നാണ് ഇയാളോടു പറഞ്ഞത്.

മറ്റു സഹോദരങ്ങള്‍ക്കും ഇതേ അഭിപ്രായമാണുള്ളതെന്നും നോബി പറഞ്ഞു. അവള്‍ കൊന്നത് മനുഷ്യരെയല്ലേ, കൊല്ലപ്പെട്ടവരെല്ലാം ഞങ്ങള്‍ക്കു വേണ്ടപ്പെട്ടവരും. അതുകൊണ്ടു തന്നെ മരിച്ചാലും ഞങ്ങളുടെ തീരുമാനത്തിനു മാറ്റമില്ല” -നോബി പറഞ്ഞു

NO COMMENTS