വേറിട്ട ബിനാലെയെന്നു വാഴ്ത്തി വിദേശ കലാസമൂഹം

223

കൊച്ചി: രണ്ടുമാസം പൂര്‍ത്തീകരിക്കുമ്പോള്‍ കൊച്ചി-മുസിരിസ് ബിനാലെയ്ക്ക് മ്യൂസിയം വിദഗ്ധരുടെയും മികച്ച സാക്ഷ്യപത്രം.
ബിനാലെയില്‍ ഇതു തന്റെ മൂന്നാംവരവാണെന്ന് ഈ വാരമാദ്യം ഇവിടെയെത്തിയ ന്യൂയോര്‍ക്ക് മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്ടി(മോമ)ലെ ഇന്റര്‍നാഷനല്‍ പ്രോഗ്രാം ഡയറക്ടര്‍ ജേയ് എ. ലെവന്‍സണ്‍ പറയുന്നു. ലെവെന്‍സണൊപ്പം മ്യൂസിയത്തിലെ വിവിധ വിഭാഗങ്ങളിലെ ക്യുറേറ്റര്‍മാരുടെ സംഘവുമുണ്ടായിരുന്നു. ബിനാലെയുടെ നൈരന്തര്യം അദ്ഭുതപ്പെടുത്തുന്നു. കലാകാരന്‍മാര്‍ തന്നെ ക്യുറേറ്റര്‍മാരാകുമ്പോള്‍ സമാനതകളില്ലാത്ത അനുഭവമാണു ലഭിക്കുന്നത്. ഇതു വളരെ പ്രചോദനാത്മകമാണെന്നും മോമയും രാജ്യാന്തര സ്ഥാപനങ്ങളുമായുള്ള ബന്ധങ്ങളുടെ മേല്‍നോട്ടം നിര്‍വഹിക്കുന്ന ലെവന്‍സണ്‍ പറയുന്നു.

തദ്ദേശ, പ്രാദേശിക, രാജ്യാന്തര വീക്ഷണങ്ങള്‍ തമ്മിലുള്ള അപൂര്‍വമായ ഇണക്കം ഇവിടെ കാണാനാകുന്നു. രാജ്യാന്തര ആസ്വാദകര്‍ മുതല്‍ തദ്ദേശീയവര്‍ വരെ ബിനാലെ കാണാനെത്തുന്നുവെന്നതും അദ്ഭുതകരമാണ്. കലയുടെ അപൂര്‍വ സംഗമവേദിയാകുന്ന ബിനാലെയുടെ മുന്നോട്ടുള്ള പ്രയാണം കൗതുകത്തോടെ നിരീക്ഷിക്കുമെന്നും ലെവന്‍സണ്‍ വ്യക്തമാക്കി.

ബിനാലെ അപൂര്‍വും സവിശേഷവുമാണെന്ന് സന്ദര്‍ശകയായെത്തിയ, ബ്രിട്ടനിലെ പ്രശസ്തമായ ടേറ്റ് ഗാലറീസിന്റെ ഡയറക്ടറായി അടുത്തിടെ നിയമിതയായ മരിയ ബല്‍ഷാ അഭിപ്രായപ്പെട്ടു. ബിനാലെ സംഘാടകര്‍ അഭിനന്ദനമര്‍ഹിക്കുന്നു. മഹത്തായ കലാസൃഷ്ടികള്‍ക്കൊപ്പം പ്രദര്‍ശനവേദിയും അന്തരീക്ഷവും സജ്ജീകരണങ്ങളുമെല്ലാം ഏറ്റവും ഉചിതമായി ഒത്തിണങ്ങിയിരിക്കുന്നുവെന്നും ടേറ്റ് ഗാലറീസിനു കീഴില്‍ വരുന്ന നാലു മ്യൂസിയങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന ആദ്യവനിത കൂടിയായ മരിയ പറഞ്ഞു.

മറക്കാനാവാത്ത ചില സൃഷ്ടികള്‍ ഇവിടെ കണ്ടു. യാങ് ഹോങ്‌വേയ്, ദായ് സിയാങ്, സുനില്‍ പദ്‌വാള്‍, സുലേഖ ചൗധരി, ഡെസ്മണ്ട് ലസാറോ, യര്‍ദേന കുറലുല്‍ക്കര്‍, വുറ-നടാഷ ഒഗുന്‍ജി, യോകോ മോറി, ഇസ്‌വാന്‍ സാക്കനി എന്നിവരുടെ സൃഷ്ടികളോട് പ്രത്യേക അടുപ്പം തോന്നി. ഏറ്റവും വ്യത്യസ്തമായി തോന്നിയത് കമെലി നോര്‍മെന്റിന്റെ പ്രൈം ആണ്. സമുദ്രത്തെ ധ്യാനിച്ചുകൊണ്ട് അവിടെ 15 മിനിട്ടോളം ചെലവിട്ടുവെന്നും അവര്‍ പറഞ്ഞു.
ന്യൂ ഡല്‍ഹിയില്‍ ഇന്ത്യ ആര്‍ട് ഫെയറിനു തുടക്കമായതോടെ വരുന്ന ആഴ്ചകളില്‍ കൂടുതല്‍ ക്യൂറേറ്റര്‍മാരുടെയും മ്യൂസിയം മേധാവികളുടെയും സന്ദര്‍ശനം പ്രതീക്ഷിക്കുകയാണ് ബിനാലെ.

കലാസൃഷ്ടികളുടെ മികവിനൊപ്പം സന്ദര്‍ശകരുടെ എണ്ണത്തിലും വൈവിധ്യത്തിലും ലോകശ്രദ്ധ നേടിയ ബിനാലെ ഏറ്റവും സാധാരണക്കാര്‍ മുതല്‍ സമുന്നത വ്യക്തിത്വങ്ങള്‍ വരെ നീളുന്ന സന്ദര്‍ശകനിരയ്ക്ക് അദ്ഭുതക്കാഴ്ചയാകുകയാണ്. ആസ്വാദകരുടെ പ്രതികരണങ്ങളും ഒരേ ദിശയിലാണ്: അതുല്യമാണ് ഈ ബിനാലെ. ബിനാലെ കാണാനെത്തിയ കലാലോകത്തെ ഒട്ടേറെ മഹാപ്രതിഭകളുടെ പ്രതികരണങ്ങളും സമാനമായിരുന്നു: ഈ ബിനാലെ അപൂര്‍വമാണ്, മറ്റൊരിടത്തുമില്ല ഇതുപോലെ.

രാജ്യാന്തര കലാശൃംഖലയില്‍ നഷ്ടപ്പെടുത്താനാവാത്ത ഒന്നാവുകയാണ് ബിനാലെയെന്ന് ഉപജ്ഞാതാക്കളിലൊരാളായ ബോസ് കൃഷ്ണമാചാരി പറഞ്ഞു. ഓരോ പതിപ്പും പിന്നിടുമ്പോള്‍ കലാകാരന്‍മാര്‍ നിയന്ത്രിക്കുന്ന സമകാലീന കലയുടെ ആഘോഷമെന്ന നിലയിലുള്ള ആധികാരികതയും വര്‍ധിക്കുന്നു. ലോകകലയിലെ വിശിഷ്ട വ്യക്തികളുടെ സന്ദര്‍ശനങ്ങള്‍ക്കപ്പുറം ആഗോള കലാസമൂഹത്തിന്റെ ചര്‍ച്ചാവിഷയമായും ബിനാലെ മാറിക്കഴിഞ്ഞതായി ബോസ് പ്രതികരിച്ചു.

NO COMMENTS

LEAVE A REPLY