ബിനാലെ സംഗീതം : ഒഎന്‍വിക്ക് സംഗീതസ്മൃതിയുമായി ചെറുമകള്‍

295

കൊച്ചി : മലയാളത്തിന്റെ പ്രിയകവിയും ഗാനരചയിതാവുമായ ശ്രീ. ഒ.എന്‍.വി. കുറുപ്പിന്റെ ഓര്‍മ്മകളുണര്‍ത്തുന്ന ഒരുപിടി ഗാനങ്ങളുമായി അദ്ദേഹത്തിന്റെ ചെറുമകളും പ്രശസ്ത ഗായികയുമായ അപര്‍ണാ രാജീവ് എറണാകുളം ജനറലാശുപത്രിയില്‍ കൊച്ചി ബിനാലെയുടെ സാന്ത്വന സംഗീതവേദിയിലെത്തി.

ഇന്നലെ (ഫെബ്രുവരി 1) നടന്ന ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ പരിപാടിയിലാണ് അപര്‍ണയുടെ ഗാനാര്‍ച്ചന പ്രേക്ഷകരെ ഒഎന്‍വിയെക്കുറിച്ചുള്ള ഓര്‍മ്മകളുടെ തിരുമുറ്റത്തെത്തിച്ചത്. തെരഞ്ഞെടുത്ത ഒരുപിടി ഭാവഗാനങ്ങളിലൂടെ വിടവാങ്ങിയ ആത്മാവിന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച അപര്‍ണ വേദിയില്‍ ആലപിച്ച പന്ത്രണ്ടോളം ഗാനങ്ങളേയും നിറഞ്ഞ കൈയടിയോടെയാണ് സദസ് ഏറ്റുവാങ്ങിയത്. കവിയുടെ ഒന്നാം ഓര്‍മ്മദിവസത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ പ്രിയഗാനങ്ങളുമായി എത്തിയ അപര്‍ണ, രോഗതുരരുടെ ഇടയില്‍ ഗൃഹാതുരസ്മരണകളുടെ ആശ്വാസം പകരുന്ന പ്രകടനമാണ് കാഴ്ച്ചവച്ചത്.

‘ഒരുവട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന’ എന്ന 1982ല്‍ പുറത്തിറങ്ങിയ ചില്ല് എന്ന് ചിത്രത്തിലെ ഗാനത്തോടെയാണ് അപര്‍ണ സംഗീതസന്ധ്യ ആരംഭിച്ചത്. പിന്നീട് ‘മഴവില്‍ക്കൊടി’ എന്ന ഗാനത്തിന് ശേഷം ഗായകന്‍ യഹിയ അസീസിനൊപ്പം ‘മേലെ പൂമല, താഴെ തേനല’, ‘ഒന്നാനാം കുന്നിന്‍മേല്‍ കൂടുകൂട്ടും തത്തമ്മേ’, ‘തന്നന്നം താനന്നം താളത്തിലാടി’ എന്നീ യുഗ്മഗാനങ്ങളും അപര്‍ണ പാടി. ‘മഞ്ഞള്‍ പ്രസാദവും’ എന്ന നിത്യഹരിത ഗാനവുമായാണ് അപര്‍ണ തന്റെ പ്രകടനം അവസാനിപ്പിച്ചത്. സിംക്രണൈസ്ഡ് ഓര്‍ക്കസ്ട്രയുടെ സഹായത്തോടെ വേദിയില്‍ താന്‍ ചെറുപ്പം മുതലേ കണ്ടുവളര്‍ന്ന സംഗീതമായാജാലം പുനരാവിഷ്‌കരിക്കുകയായിരുന്നു ഗായിക.

2016ലെ കേരള സംഗീത നാടക അക്കാഡമി പുരസ്‌കാരവും 2009ലെ ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരവും അപര്‍ണ സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ സൂര്യ ഫെസ്റ്റിവലില്‍ തന്റെ ആദ്യ ഗസല്‍ സംഗീതവിരുന്ന് അവതരിപ്പിച്ചിരുന്നു.
ചെറുപ്പം മുതല്‍ തന്നെ സംഗീതമാണ് തന്റെ വഴി എന്നു തിരിച്ചറിഞ്ഞ് ഉപാസിച്ചുപോന്നിരുന്നതായി അപര്‍ണ പറയുന്നു.

സംഗീതത്തില്‍, മുത്തച്ഛന്‍ പ്രചോദനമായിരുന്നു. ഇനിയും അതു തുടരും. സംഗീതസാന്ത്വനത്തിലൂടെ രോഗികള്‍ക്ക് ആശ്വാസം പകരാനുള്ള ആശയം മികച്ചതാണ്. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ഈ ലക്ഷ്യം കാണുന്നതില്‍ ഏറെ ദൂരം പിന്നിട്ടുകഴിഞ്ഞിരിക്കുന്നുവെന്നും ഗായിക കൂട്ടിച്ചേര്‍ത്തു.

ബിനാലെ സംഗീതത്തിന്റെ 155ാം എപ്പിസോഡും മൂന്നാം വാര്‍ഷികവുമാണ് ഇന്നലെ നടന്നത്. കലയിലൂടെ രോഗികള്‍ക്ക് സാന്ത്വനം നല്‍കുന്നതിനായി മെഹബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്രയും ലേക്‌ഷോര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ ലിമിറ്റഡുമായി ചേര്‍ന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ എല്ലാ ബുധനാഴ്ചയും സംഘടിപ്പിക്കുന്നതാണ് ആര്‍ട്ട്‌സ് ആന്‍ഡ് മെഡിസിന്‍ പരിപാടി.

NO COMMENTS

LEAVE A REPLY