കണ്ണൂരില്‍ ഹര്‍ത്താല്‍ പുരോഗമിക്കുന്നു, ഇന്ന് വീണ്ടും സംഘര്‍ഷം

221

കണ്ണൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ പുരോഗമിക്കുന്നു. ഹര്‍ത്താല്‍ ഏറെക്കുറെ പൂര്‍ണ്ണമാണ്. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുന്നു. കെ.എസ്.ആര്‍.ടി.സിയോ സ്വകാര്യ ബസ്സുകളോ ജില്ലയില്‍ എവിടെയും സര്‍വ്വീസ് നടത്തുന്നുമില്ല. ഏതാനും സ്വകാര്യ വാഹനങ്ങള്‍ മാത്രമേ ഇപ്പോള്‍ നിരത്തിലുള്ളൂ. സംസ്ഥാന സ്കൂള്‍ കലോത്സവം നടക്കുന്ന കണ്ണൂര്‍ നഗരത്തിലാണ് സ്ഥിതിക്ക് അല്‍പമെങ്കിലും അയവുള്ളത്. പൊലീസ് കനത്ത ജാഗ്രത പുലര്‍ത്തുന്ന നഗര പ്രദേശങ്ങളില്‍ ചുരുക്കം സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങിയിട്ടുണ്ട്. സംഘര്‍ഷ മേഖലകളിലും കൂടുതല്‍ പൊലീസ് സേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. ഇതിനിടെ കൂടുതല്‍ അക്രമ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഇന്ന് രാവിലെ തളിപ്പറമ്പില്‍ ആര്‍.എസ്.എസ് കാര്യാലയത്തിന് നേരെ ബോംബേറുണ്ടായി. ഇവിടുത്തെ സി.ഐ.ടി.യു ഓഫീസിന് നേരെ ഇതിന് മുമ്പ് കല്ലേറുണ്ടായിരുന്നു. ഇവിടെയും കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. കലോത്സവ നടത്തിപ്പ് തടയില്ലെന്ന് ഇന്നലെത്തന്നെ ബി.ജെ.പി നേതാക്കള്‍ അറിയിച്ചിരുന്നു. ഇന്ന് സംഘാടക സമിതി ഓഫീസില്‍ യോഗം വിളിച്ച വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ബി.ജെ.പി നേതാക്കളുമായി ഫോണില്‍ സംസാരിച്ചു. കലോത്സവത്തിന് വരുന്ന വാഹനങ്ങള്‍ തടയില്ലെന്ന് ബി.ജെ.പി നേതാക്കള്‍ ഉറപ്പു നല്‍കിയതായി മന്ത്രി അറിയിച്ചു. നഗരത്തിലെ ഹോട്ടലുകള്‍ തുറന്നു പ്രവര്‍ത്തിക്കാനും ധാരണയായി. അതേസമയം ബി.ജെ.പി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ബ്രണ്ണന്‍ കോളേജില്‍ നടന്ന ഒരു സംഘര്‍ഷത്തിന്റെ തുടര്‍ച്ചായായുണ്ടായ കൊലപാതകമെന്നാണ് പൊലീസിന്റെ നിഗമനം. ഒരുവശത്ത് സമാധാന ശ്രമങ്ങളും പുരോഗമിക്കുന്നു. ഇന്ന് വൈകുന്നേരം ജില്ലാ കളക്ടര്‍ സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY