യുഡിഎഫ് സമരങ്ങള്‍ രാമേശ്വരത്തെ ക്ഷൗരം പോലെ ആകരുത്: കെ മുരളീധരന്‍

247

തിരുവനന്തപുരം: യുഡിഎഫ് മദ്യനയത്തില്‍ ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണിന്റെ അഭിപ്രായങ്ങള്‍ക്ക് കെ മുരളീധരന്‍ എംഎല്‍എയുടെ പിന്തുണ. യുഡിഎഫിന്റെ മദ്യനയം വിജയമാണോ അല്ലയോ എന്ന് ചര്‍ച്ച വേണ്ടെന്നായിരുന്നു മുരളിയുടെ പ്രതികരണം. മദ്യനയം മൂലമാണ് ക്ലിഫ് ഹൗസില്‍ നിന്ന് കന്റോണ്‍മെന്റ് ഹൗസിലേക്ക് യുഡിഎഫിന് മാറേണ്ടിവന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷിബു ബേബി ജോണിന്റെ നിലപാടിനോട് താന്‍ യോജിക്കുകയാണ്. എല്‍ഡി.എഫ് മദ്യ നയത്തിനെതിരെ ഇനി ഏത് തരത്തിലുള്ള സമരമാണ് നടത്തേണ്ടതെന്നാണ് ആലോചിക്കേണ്ടത്. സമരം മറ്റ് യു.ഡി.എഫ് സമരങ്ങളെ പോലെ രാമേശ്വരത്തെ ക്ഷൗരം പോലെ ആകരുത്.

കഴിഞ്ഞ ഒരുമാസമായി യു.ഡി.എഫ് നടത്തുന്ന സമരം വിജയമല്ല. അതുപോലെയാകരുത് മദ്യ നയത്തിനെതിരെയുള്ള സമരമെന്നും കഴിഞ്ഞ ദിവസം നടന്ന യു ഡി എഫ് യോഗത്തില്‍ മുരളീധരന്‍ വ്യക്തമാക്കി. എല്‍ഡിഎഫിന്റെ മദ്യനയത്തെ അനുകൂലിച്ച് ഷിബു ബേബിജോണ്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇടത് സര്‍ക്കാര്‍ മദ്യനയം സ്വാഗതാര്‍ഹമാണെന്ന് പറഞ്ഞ അദ്ദേഹേം യുഡിഎഫ് മദ്യനയം അപക്വമായ രാഷ്ട്രീയ നിലപാടായിരുന്നുവെന്നും അതുകൊണ്ടാണ് യുഡിഎഫിന് ഭരണ തുടര്‍ച്ച ഇല്ലാതെ പോയതെന്നും വ്യക്തമാക്കി.

NO COMMENTS