ഇറാഖി സേന മൊസൂള്‍ തിരികെപ്പിടിച്ചു

190

ബഗ്ദാദ് : മൊസൂള്‍ നഗരം ഐഎസിന്റെ കയ്യില്‍ നിന്ന് ഇറാഖി സൈന്യം പൂര്‍ണമായും തിരിച്ചുപിടിച്ചു. ഔദ്യോഗിക സ്ഥിരീകരണമായില്ലെങ്കിലും ഇറാഖ് സൈന്യം ആഹ്ലാദപ്രകടനം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഒന്‍പതുമാസം നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൊസൂള്‍, ഐഎസില്‍നിന്ന് സൈന്യം തിരിച്ചുപിടിച്ചത്. സൈനികരുടെ പോരാട്ടം അന്തിമ വിജയത്തിലേക്കാണെന്ന സൂചനകളാണ് ലഭിക്കുന്നത്. മൊസൂളിന്റെ ഭൂരിഭാഗവും പിടിച്ചെടുത്ത് ഇറാഖ് സേന വിജയം ഉറപ്പിച്ചു. . ശക്തമായ ചെറുത്തുനില്‍പ്പുകളെ വിഫലമാക്കികൊണ്ടാണ് സേനയുടെ മുന്നേറ്റം. ഒരുലക്ഷത്തിലധികം മനുഷ്യരെ മനുഷ്യകവചമാക്കിയായിരുന്നു മൊസൂളില്‍ െഎഎസ് ഭീകരര്‍ പിടിമുറുക്കിയിരുന്നത്. ഇതിനെതിരെ െഎക്യരാഷ്ട്രസംഘടന രംഗത്തുവന്നിരുന്നു.
മൊസൂള്‍ കീഴടക്കിയാല്‍ സമീപത്തെ ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച്‌ ഐഎസ് ആക്രമണം തുടരുമെന്നാണ് സൂചന. മൂന്നുവര്‍ഷം മുന്‍പാണു ആയിരക്കണക്കിന് ഐഎസ് ഭീകരര്‍ മൊസൂള്‍ പിടിച്ചടക്കിയത്. ഏറ്റുമുട്ടല്‍ രൂക്ഷമായതോടെ, പന്ത്രണ്ടാം നൂറ്റാണ്ടില്‍ നിര്‍മിച്ച മൊസൂളിലെ അല്‍ നൂറി പള്ളി കഴിഞ്ഞയാഴ്ച ഭീകരര്‍ തകര്‍ത്തു. ഈ പള്ളിയില്‍നിന്നാണ്, തന്നെ ഖലീഫയാക്കി 2014 ജൂലൈയില്‍ ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദി പ്രഖ്യാപനം നടത്തിയത്.

NO COMMENTS