ഇന്ത്യ – ന്യൂസീലന്‍ഡ് അഞ്ചാം ഏകദിനം ഇന്ന്

165

വിശാഖപട്ടണം • ഇന്ത്യന്‍ നായകന്‍ ധോണി ഇന്നു വിമര്‍ശനക്കണ്ണുകളുടെ വാള്‍മുനയിലാണ്. ഇന്നു തോറ്റാല്‍ ടീം ഇന്ത്യയുടെ പ്രകടനമാവില്ല, ധോണിയുടെ നീക്കങ്ങളാവും വിമര്‍ശകര്‍ ഇഴകീറി വിലയിരുത്തുന്നത്. നായകമികവും ഫിനിഷിങ് മികവും ചര്‍ച്ച ചെയ്യപ്പെടും. മികച്ച വിജയം ക്യാപ്റ്റനെന്ന നിലയില്‍ ധോണിയുടെ മുന്നോട്ടുള്ള കുതിപ്പിന് അനിവാര്യമായിരിക്കുന്നു. 2-2ല്‍ നില്‍ക്കുന്ന പരമ്പരയുടെ ഗതി നിര്‍ണയിക്കുന്ന അഞ്ചാം മല്‍സരത്തില്‍ ഇന്ത്യയും ന്യൂസീലന്‍ഡും തമ്മില്‍ ഇന്നു പോരടിക്കും. ഉച്ചയ്ക്ക് 1.30 മുതല്‍ സ്റ്റാര്‍ സ്പോര്‍ട്സില്‍ തല്‍സമയം. ധോണിക്കു പ്രിയപ്പെട്ട ഗ്രൗണ്ടാണിത്. ഉജ്വലമായ ഒരു സെഞ്ചുറിയോടെ ധോണി രാജ്യാന്തര ക്രിക്കറ്റില്‍ വരവറിയിച്ചത് ഇവിടെ.

ധോണിയുടെ കീഴില്‍ കഴിഞ്ഞ 18 മാസത്തിനിടെ ഇന്ത്യ മൂന്നു ഏകദിന പരമ്പരകള്‍ തോറ്റു. ബംഗ്ലദേശിനെതിരെ ബംഗ്ലദേശില്‍ 1-2 തോല്‍വി, ഓസ്ട്രേലിയയ്ക്കെതിരെ അന്നാട്ടില്‍ (1-4), ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയില്‍ (2-3). സിംബാബ്വെയ്ക്കെതിരെ മാത്രമാണ് ഇന്ത്യ ഏകദിന പരമ്പര ഇക്കാലയളവില്‍ ജയിച്ചത്. സ്വന്തം നാടിനു പുറത്തു ന്യൂസീലന്‍ഡ് കഴിഞ്ഞ നാലുമാസത്തിനിടെ ജയിച്ചതു സിംബാബ്വെയ്ക്കെതിരെ മാത്രം. ദക്ഷിണാഫ്രിക്കയ്ക്കെതിരെ 1-1 സമനില. ഇന്ത്യയ്ക്കെതിരെ സമ്പൂര്‍ണ്ണ തോല്‍വി. ഏകദിന പരമ്പരയില്‍ ഈ തോല്‍വികള്‍ക്കെല്ലാം ഉജ്വലമായി പരിഹാരം നടത്താനുള്ള അവസരമാണ് അവര്‍ക്കു ലഭിക്കുന്നത്.
1988നു ശേഷം നാലു പരമ്പരകളില്‍ ഇന്ത്യയ്ക്കെതിരെ ജയിക്കാന്‍ ന്യൂസീലന്‍ഡിനു കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ പരമ്പര വിജയത്തിന്‍റെ തൊട്ടടുത്ത് എത്തിയത് അവര്‍ക്ക് ആവേശമാകും. വിജയം കൈവിടാതിരിക്കാന്‍ ഇന്ത്യയും ശ്രമിക്കുമ്പോള്‍ തകര്‍പ്പന്‍ പോരാട്ടത്തിനാണ് അരങ്ങൊരുങ്ങുന്നത്. പക്ഷേ, കാലാവസ്ഥ സമ്മതിക്കണമെന്നു മാത്രം. ഈ ഗ്രൗണ്ടില്‍ ഇന്ത്യ നാലു വിജയങ്ങള്‍ നേടിയിട്ടുണ്ട്. ഒരെണ്ണത്തില്‍ തോല്‍വി.

NO COMMENTS

LEAVE A REPLY