അഖിലേന്ത്യ സഹകരണ വാരാഘോഷം സമാപനം 20ന്

104

തിരുവനന്തപുരം : അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സമാപന സമ്മേളനം തിരുവനന്തപുരത്ത് നവംബർ 20ന് രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സഹകരണ-ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും. വനം, മൃഗസംരക്ഷണ മന്ത്രി കെ.രാജു, എം.പി.മാർ, എം.എൽ.എ മാർ, മേയർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു എന്നിവർ സംബന്ധിക്കും.

സമാപന സമ്മേളനത്തിന് സംസ്ഥാന സഹകരണ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനർ കോലിയക്കോട് എൻ.കൃഷ്ണൻ നായർ സ്വാഗതവും സംസ്ഥാന സഹകരണ യൂണിയൻ അഡീഷണൽ രജിസ്ട്രാർ-സെക്രട്ടറി റ്റി.പത്മകുമാർ നന്ദിയും പറയും. തുടർന്ന് ”കേരള ബാങ്കും സഹകരണ പ്രസ്ഥാനവും” എന്ന വിഷയത്തിൽ സെമിനാർ നടക്കും.

നവംബർ 14ന് രാവിലെ കട്ടപ്പനയിൽ സഹകരണ പതാക ഉയർത്തുന്നതോടെ അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന് തുടക്കമാകും. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തിനുശേഷം ”കേരള ബാങ്ക്” സംബന്ധിച്ച് സെമിനാർ നടക്കും. വൈകുന്നേരം മൂന്ന് മണിക്കാണ് സഹകരണ ഘോഷയാത്ര. ഇടുക്കിക്ക് പുറമെ എറണാകുളം, കോട്ടയം ജില്ലകളിൽ നിന്നുളള സഹകാരികൾ ഉൾപ്പെടെ 5,000 ത്തിലധികം പേർ ഘോഷയാത്രയിൽ പങ്കെടുക്കും.

നവംബർ 13ന് എറണാകുളത്ത് നിന്ന് കൊടിമരജാഥയും കോട്ടയത്തു നിന്ന് പതാകജാഥയും കട്ടപ്പനയിൽ എത്തും. വാരാഘോഷത്തിന്റെ ഭാഗമായി ഒരാഴ്ചക്കാലം സംസ്ഥാനത്തെ മുഴുവൻ സർക്കിൾ സഹകരണ യൂണിയനുകളുടെ നേതൃത്വത്തിലും പരിപാടികളും സെമിനാറുകളും സംഘടിപ്പിക്കും. ഉദ്ഘാടന-സമാപന സമ്മേളനങ്ങളിലായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും 3,000 ത്തിലധികം പ്രതിനിധികൾ പങ്കെടുക്കും.

വാരാഘോഷത്തിന്റെ ലോഗോയുടെയും വെബ്‌സൈറ്റിന്റെയും ഉദ്ഘാടനം സംസ്ഥാന സഹകരണ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനർ കോലിയക്കോട്.എൻ.കൃഷ്ണൻ നായർ നിർവഹിച്ചു. സംസ്ഥാന സഹകരണ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം ബാബുപോൾ, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ കെ.രാജേന്ദ്രൻ, സംസ്ഥാന സഹകരണ യൂണിയൻ അഡീഷണൽ രജിസ്ട്രാർ-സെക്രട്ടറി റ്റി.പത്മകുമാർ, ഡെപ്യൂട്ടി ജനറൽ മാനേജർ എം.ബി.അജിത്കുമാർ, അസിസ്റ്റന്റ് രജിസ്ട്രാർമാരായ ഷെരീഫ്, തമ്പി തോമസ് എന്നിവർ പങ്കെടുത്തു.

NO COMMENTS