രാജ്യത്ത് – പ്രതിപക്ഷ കക്ഷികളുടെ നെഞ്ചിടിപ്പേറ്റുന്ന തിരഞ്ഞെടുപ്പ് ഫലങ്ങളാണ് പുറത്തുവരുന്നത്.

139

ന്യൂഡൽഹി : രാജ്യത്തെ പ്രതിപക്ഷ കക്ഷികളുടെ നെഞ്ചിടിപ്പേറ്റുന്ന തിരഞ്ഞെടുപ്പ് ഫലങ്ങളാണ് പുറത്തുവരുന്നത്. 2014 ലേതുപോലെ തന്നെ തനിച്ച് ഭരിക്കാനുള്ള ഭൂരിപക്ഷം ബിജെപിക്ക് ലഭിക്കുമെന്ന സൂചനകളാണ് പകൽ പകുതി കഴിഞ്ഞപ്പോഴേക്കും പുറത്തുവരുന്നത്. കോൺഗ്രസ് മുഴക്കിയ അവകാശ വാദങ്ങളോ പ്രചാരണങ്ങളും മാധ്യമങ്ങളിൽ വാർത്തകൾ സൃഷ്ടിച്ചെങ്കിലും അവ വോട്ടർമാരെ സ്വാധീനിച്ചില്ലെന്ന് വേണം കരുതാൻ.

പ്രതിപക്ഷ സഖ്യത്തിന്റെ ശക്തിയും ദൗർബല്യയും മുൻകൂട്ടി കണ്ട് കൃത്യമായ ഗൃഹപാഠത്തോടെ ബിജെപി തിരഞ്ഞെടുപ്പിനെ സമീപിച്ചപ്പോൾ അതിരുകടന്ന ആത്മവിശ്വാസമാണ് കോൺഗ്രസിനും പ്രതിപക്ഷ പാർട്ടികൾക്കും വിനയായത്. മോദി ഭരണം തുടരുമെങ്കിൽ അത് പ്രതിപക്ഷത്തെ സംബന്ധിച്ചിടത്തോളം ആശാവഹമായ കാര്യമല്ല. ഒരു കോൺഗ്രസ് ഇതര പാർട്ടിക്ക് ഭരണ തുടർച്ച ലഭിക്കുന്നത് ഇത് ആദ്യമായാണ്.

മോദി സർക്കാരിന്റെ തുടർഭരണം പ്രവചിച്ച എക്സിറ്റ് പോളുകൾ ശരിവച്ച് എൻഡിഎ ലീഡ് നില 300 സീറ്റിനും അപ്പുറത്തേക്ക് ഉയർത്തിയപ്പോൾ കേരളത്തിൽ യുഡിഎഫ് തരംഗമാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്നത്. മോദി തരംഗത്തിലും ശബരിമല വിഷയത്തിലും പ്രതീക്ഷ അർപ്പിച്ച് മത്സരക്കിനിറിങ്ങിയ ബിജെപിക്ക് ഇത്തവണയും ലോക്സഭയിലേക്ക് അക്കൗണ്ട് തുറക്കാൻ സാധിക്കാതെ നിരാശരാകേണ്ടി വന്നു.

1984 ന് ശേഷം ബിജെപിക്ക് ഒരു മുന്നണി നേടുന്ന ഏറ്റവും വലിയ നേട്ടമെന്ന ഖ്യാതിയും എൻഡിഎയുടെ വിജയത്തിനുണ്ട്. ഇതിന്റെ മുഴുവൻ ക്രെഡിറ്റും മോദിക്കും അമിത്ഷായ്ക്കും പിന്നെ ആർഎസ്എസ് സംഘടനാ സംവിധാനത്തിനും നൽകണം.അതേസമയം കേരളത്തിൽ സ്ഥിതി മറിച്ചാണ്. രാജ്യത്ത് കോൺഗ്രസ് ഉൾപ്പെടുന്ന യുപിഎ സഖ്യത്തിന് ഏറ്റവുമധികം സീറ്റ് നൽകിയത് കേരളമാണെന്ന പ്രത്യേകതയുണ്ട്. കേരളത്തിൽ ബിജെപി നടത്തിയ ശബരിമല സമരമുൾപ്പെടെയുള്ളവയുടെ ഗുണഫലം യുഡിഎഫിനാണ് ലഭിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തൽ. കേരളത്തിൽ ബിജെപി വളരുമെന്ന ഭയം ന്യൂനപക്ഷ വോട്ടുകൾ കൂട്ടത്തോടെ യുഡിഎഫിലേക്ക് കേന്ദ്രീകരിക്കാൻ ഇടയായി.

അതോടൊപ്പം കേരളത്തിലെ ഇടതുസർക്കാരിനെതിരായുള്ള വികാരവും കൂടിയായപ്പോൾ കേരളത്തിൽ യുഡിഎഫ് കൊടുങ്കാറ്റ് തന്നെയാണ് ഉണ്ടായിരിക്കുന്നത്. ഇതിൽ കടപുഴകിയത് ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടകളും സ്ഥാനാർഥികളുമായിരുന്നുവെന്നതാണ് ശ്രദ്ധേയം.

ഇതിൽ ശ്രദ്ധിക്കേണ്ടത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർഥിത്വമാണ്. അമേഠിക്ക് പുറമെ കേരളത്തിലെത്തി മത്സരിക്കാനുള്ള അദ്ദേഹത്തിന്റെയും പാർട്ടിയുടെയും തീരുമാനം 100 ശതമാനം ശരിയായിരുന്നുവെന്ന് തെളിയിക്കുന്ന ഫലങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അമേഠിയിൽ രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തുമെന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. കോൺഗ്രസ് അധ്യക്ഷനെയും പാർട്ടിയേയും സംബന്ധിച്ചിടത്തോളം ഇത് അത്ര നല്ല സൂചനകളല്ല.

NO COMMENTS