ഒന്നാം വർഷ ഹയർസെക്കൻഡറി – വിഎച്ച്എസ്ഇ ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്ററി പരീക്ഷ ജൂലൈ 22 മുതൽ

161

ഹയർസെക്കൻഡറി/ NSQF (VHSE) ഒന്നാം വർഷ ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്ററി പരീക്ഷ ജൂലൈ 22 മുതൽ 29 വരെ നടക്കും. ഗൾഫ് മേഖലയിലെ സ്‌കൂളുകളിൽ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾക്ക് യു.എ.ഇയിലുള്ള പരീക്ഷാകേന്ദ്രത്തിലോ അതത് വിഷയ കോമ്പിനേഷനുള്ള കേരളത്തിലെ ഏതെങ്കിലും പരീക്ഷാകേന്ദ്രത്തിലോ പരീക്ഷയെഴുതാം.

മാർച്ച് 2019ലെ ഒന്നാം വർഷ ഹയർ സെക്കൻഡറി NSQF (VHSE) പരീക്ഷയിൽ എഴുതിയ ആറ് വിഷയങ്ങളിൽ മൂന്നെണ്ണം വരെ സ്‌കോർ മെച്ചപ്പെടുത്തുന്നതിനും രജിസ്റ്റർ ചെയ്തതിൽ പരീക്ഷ എഴുതാത്ത വിഷയങ്ങളുണ്ടെങ്കിൽ അവ എഴുതുന്നതിനും റഗുലർ വിദ്യാർത്ഥികൾക്ക് രജിസ്റ്റർ ചെയ്യാം. 2019ലെ ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയിലോ സപ്ലിമെന്റി പരീക്ഷയിലോ ആറ് വിഷയങ്ങളും എഴുതിയിട്ടുണ്ടെങ്കിൽ മാത്രമേ റഗുലർ വിദ്യാർത്ഥികൾക്ക് 2020 മാർച്ചിലെ രണ്ടാംവർഷ ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാൻ സാധിക്കു.

മറ്റു പരീക്ഷാ ബോർഡുകളിൽ നിന്നും 2019ൽ രണ്ടാംവർഷ ഹയർ സെക്കൻഡറി കോഴ്‌സിലേക്ക് പുനഃപ്രവേശനം നേടിയിട്ടുള്ള വിദ്യാർത്ഥികൾ (ലാറ്ററൽ എൻട്രി വിഭാഗം) സപ്ലിമെന്ററി പരീക്ഷ എഴുതിയാൽ മാത്രമേ 2020ലെ രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാനാവൂ. ഇവർക്ക് ഹയർ സെക്കൻഡറി പരീക്ഷയുടെ ഭാഗമായ നിരന്തര മൂല്യനിർണയം, പ്രായോഗിക പരീക്ഷ എന്നിവ ബാധകമായിരിക്കും.

രണ്ടാംവർഷ ഹയർസെക്കൻഡറി കോഴ്‌സ് പൂർത്തീകരിച്ച് 2015 മുതലുള്ള ഒന്നാംവർഷ ഹയർസെക്കൻഡറി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുകയും എന്നാൽ പരീക്ഷ എഴുതാൻ കഴിയാതിരുന്ന വിദ്യാർത്ഥികൾ (കമ്പാർട്ട്‌മെൻൽ വിഭാഗം) സപ്ലിമെന്ററി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുന്നതോടെ 2020 മാർച്ചിലെ രണ്ടാംവർഷ ഹയർസെക്കൻഡറി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാൻ യോഗ്യത നേടും. ഈ വിഭാഗം വിദ്യാർത്ഥികൾക്കും ഹയർസെക്കൻഡറി പരീക്ഷയുടെ ഭാഗമായ നിരന്തര മൂല്യനിർണയം, പ്രായോഗിക പരീക്ഷ എന്നിവ നടത്തും. സ്‌കൂൾ ഗോയിങ് വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ഒന്നാംവർഷ ഹയർസെക്കൻഡറി കോഴ്‌സിന് 75 ശതമാനത്തിൽ കുറയാത്ത ഹാജർ വേണം.

2015 മുതലുള്ള ഒന്നാംവർഷ ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുകയോ എഴുതുകയോ ചെയ്ത വിദ്യാർത്ഥികൾ രണ്ടാംവർഷത്തിൽ പരാജയപ്പെട്ട വിഷയങ്ങൾ എഴുതാൻ ഇപ്പോൾ രജിസ്റ്റർ ചെയ്താൽ മാത്രമേ 2020ലെ രണ്ടാംവർഷ മാർച്ച് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാനാവൂ. ഈ വിഭാഗത്തിലെ വിദ്യാർത്ഥികൾ നേടിയിട്ടുള്ള സി.ഇ സ്‌കോർ, പ്രാക്ടിക്കൽ സ്‌കോർ എന്നിവ നിലനിൽക്കും. കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി, ഇലക്‌ട്രോണിക് സിസ്റ്റംസ് വിഷയങ്ങൾ ഒഴികെയുള്ളവയ്ക്ക് 2014 അഡ്മിഷൻ മുതലുള്ള പാഠ്യപദ്ധതി പ്രകാരമുള്ള പുതിയ സിലബസിലാണ് പരീക്ഷ. കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജിക്കും ഇലക്‌ട്രോണിക് സിസ്റ്റംസും പുതിയ സിലബസിലും പഴയതിലും പരീക്ഷ ഉണ്ടായിരിക്കും.

കമ്പാർട്ട്‌മെന്റൽ വിദ്യാർത്ഥികൾക്ക് ഒന്നാംവർഷ ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് ഒറ്റത്തവണ രജിസ്‌ട്രേഷനാണ്. പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുന്ന വിഷയത്തിൽ ജൂലൈ 2019 ലെ ഒന്നാംവർഷ ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്കും മാർച്ച് 2020ലെ രണ്ടാംവർഷ പരീക്ഷയ്ക്കും രജിസ്റ്റർ ആകും. ഇവയുടെ പരീക്ഷാഫീസ് ഒന്നിച്ച് ഒടുക്കണം.
റഗുലർ, ലാറ്ററൽ എൻട്രി വിഭാഗത്തിലെ വിദ്യാർത്ഥികൾ 25നകവും കമ്പാർട്ട്‌മെന്റൽ വിഭാഗം വിദ്യാർത്ഥികൾ ജൂലൈ മൂന്നിനകവും ഫീസ് അടയ്ക്കണം.

റഗുലർ, ലാറ്ററൽ എൻട്രി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ഒരു പേപ്പറിന് 175 രൂപയാണ് പരീക്ഷാഫീസ്. സർട്ടിഫിക്കറ്റ് ഫീസ് 40 രൂപ. കമ്പാർട്ട്‌മെന്റൽ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കുള്ള പരീക്ഷാഫീസ് ഒരു പേപ്പറിന് 225 രൂപയും സർട്ടിഫിക്കറ്റ് ഫീസ് 80 രൂപയുമാണ്. വിജ്ഞാപനം www.dhsekerala.gov.in ൽ ലഭ്യമാണ്.

NO COMMENTS