ദില്ലിയില്‍ വീണ്ടും തീ പിടുത്തം

163

ദില്ലി: ദില്ലിയില്‍ പതിനേഴ് പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തവുമായ ബന്ധപ്പെട്ട് ഹോട്ടലിലെ രണ്ട് ഉദ്യോഗസ്ഥരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ഇതിനിടെ ദില്ലിയിലെ ഒരു ചേരിയിലെ മുഴുവന്‍ കുടിലുകളും കത്തി നശിച്ചു.

ഹോട്ടില്‍ അര്‍പിത് പാലസിന്‍റെ ജനറല്‍ മാനേജര്‍ രാജേന്ദ്ര , മാനേജര്‍ വികാസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തതത്. ഇവര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തി ഇന്നലെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

എന്നാല്‍ ഹോട്ടലുടമ ശാരദേന്ദു ഗോയല്‍ ഒളിവിലാണ്. ഇയാളെ കണ്ടെത്താന്‍ തെരച്ചില്‍ ആരംഭിച്ചു. ദില്ലി സര്‍ക്കാര്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. അഗ്നി ശമന സേനാ വിഭാഗത്തോട് നഗരത്തിലെ അഞ്ച് നിലയ്ക്ക് മുകളിലുള്ള എല്ലാ കെട്ടിടങ്ങളുടേയും സുരക്ഷാ സംവിധാനങ്ങള്‍ പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കി.ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണം.

ഇതിനിടെ തുടര്‍ച്ചയായ രണ്ടാം ദിവസവും ദില്ലിയില്‍ വന്‍ തീപിടിത്തമുണ്ടായി. സാധാരണക്കാര് തിങ്ങിപ്പാര്‍ക്കുന്ന പശ്ചിംവിഹാറിലെ ചേരി മുഴുവന്‍ കത്തി നശിച്ചു. ആളപായമില്ല. ഒരു സ്ത്രീക്ക് പരിക്കേറ്റു. ഇന്നു പുലര്‍ച്ചെ രണ്ട് മണിക്കാണ് സംഭവം. ഒരു വശത്ത് നിന്ന് തീപടരുന്നത് കണ്ടതോടെ ആളുകള്‍ ഇറങ്ങി ഓടുകയായിരുന്നു. നഗരത്തിലെ വിവിധ ഭാഗങ്ങളില്‍നിന്ന് 25 അഗ്നി ശമനസേനാ യൂണിറ്റുകളെത്തി തീയണച്ചു. ഷോര്‍ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇരുനൂറ് കുടിലുകള്‍ നശിച്ചതായി പൊലീസ് അറിയിച്ചു

NO COMMENTS