വോട്ട് ചെയ്യാൻ തിരിച്ചറിയൽ രേഖകളിലൊന്നു നിർബന്ധം

26

തിരുവനന്തപുരം:വോട്ട് ചെയ്യാൻ പോളിങ് ബൂത്തിൽ പോകുമ്പോൾ താഴെ പറയുന്ന തിരിച്ചറിയൽ രേഖകളിൽ ഒന്ന് നിർബന്ധമായും കൈയിൽ കരുതിയിരിക്കണം. ഇലക്ടറൽ ഫോട്ടോ ഐഡന്റിറ്റി കാർഡ്(EPIC), ആധാർ കാർഡ്, എം.എൻ.ആർ.ഇ.ജി.എ. തൊഴിൽ കാർഡ്, ഫോട്ടോപതിച്ച ബാങ്ക് / പോസ്റ്റ് ഓഫിസ് പാസ്ബുക്ക്, തൊഴിൽ മന്ത്രാലയം നൽകിയിട്ടുള്ള ആരോഗ്യ ഇൻഷ്വറൻസ് സ്മാർട്ട് കാർഡ്, ഡ്രൈവിങ് ലൈസൻസ്, പാൻ കാർഡ്, ആർ.ജി.ഐ. നൽകിയ എൻ.പി.ആർ. പ്രകാരമുള്ള സ്മാർട്ട് കാർഡ്, ഇന്ത്യൻ പാസ്‌പോർട്ട്, ഫോട്ടോപതിച്ച പെൻഷൻ രേഖ, കേന്ദ്ര/സംസ്ഥാന സർക്കാർ/ പൊതുമേഖലാ സ്ഥാപനങ്ങളിലെ/കമ്പനികളിലെ ജീവനക്കാരുടെ ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ, എം.പി/എം.എൽ.എ./എം.എൽ.സി. മാരുടെ ഔദ്യോഗിക തിരിച്ചറിയൽ കാർഡ്.

ആൾമാറാട്ടം, ഇരട്ടവോട്ട്: കടുത്ത നടപടിയെന്ന് കളക്ടർ

വോട്ടർ പട്ടികയിൽ ഒന്നിലേറെയിടങ്ങളിൽ പേരുള്ളവർ, സ്ഥലത്തില്ലാത്തവർ, മരണപ്പെട്ടവർ എന്നിവരെ ഉൾപ്പെടുത്തി തയാറാക്കിയിട്ടുള്ള എ.എസ്.ഡി(ആബ്‌സന്റ് – ഷിഫ്റ്റഡ് – ഡെഡ്/ഡ്യൂപ്ലിക്കെറ്റ്) ലിസ്റ്റിലുള്ളവരുടെ വിവരം എല്ലാ ബൂത്തുകളിലേയും പോളിങ് ഉദ്യോഗസ്ഥർക്കു നൽകിയിട്ടുണ്ടെന്നും ഇതു പ്രകാരം ഒരു സമ്മതിദായകൻ ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂവെന്ന് ഉറപ്പാക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ഇതു സംബന്ധിച്ച് ഉദ്യോഗസ്ഥർക്കു കർശന നിർദേശം നൽകിയിട്ടുണ്ടെന്നും ജില്ലാ ഇലക്ഷൻ ഓഫിസർകൂടിയായ കളക്ടർ പറഞ്ഞു.

എ.എസ്.ഡി. ലിസ്റ്റിലുള്ളവർ ഒന്നിലധികം വോട്ടുകൾ ചെയ്യാൻ ശ്രമിച്ചാൽ അവർക്കെതിരേ ഐ.പി.സി. 171 ഡി പ്രകാരമുള്ള ശിക്ഷാ നടപടിയുണ്ടാകും. ഒരു വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാം.

ഈ പട്ടികയിൽപ്പെട്ടവർ വോട്ട് ചെയ്യാൻ എത്തുമ്പോൾ സമ്മതിദായകന്റെ ഫോട്ടോയെടുക്കും. ഒപ്പിനൊപ്പം വോട്ടർ രജിസ്റ്ററിൽ ഇവരുടെ വിരലടയാളം കൂടി വാങ്ങിയ ശേഷമേ വോട്ട് ചെയ്യാൻ അനുവദിക്കൂ. വിരലിൽ പതിക്കുന്ന മഷി ഉണങ്ങിയ ശേഷം മാത്രമേ ബൂത്ത് വിട്ടു പോകാൻ അനുവദിക്കൂ എന്നും കളക്ടർ പറഞ്ഞു.

2073 ബൂത്തുകളിൽ വെബ് കാസ്റ്റിങ്

ജില്ലയിൽ 2,073 പോളിങ് ബൂത്തുകളിൽ വെബ് കാസ്റ്റിങ് ഏർപ്പെടുത്തിയിട്ടുണ്ടെന്നു കളക്ടർ അറിയിച്ചു. എല്ലാ ബൂത്തുകളിൽനിന്നുമുള്ള തത്സമയ ദൃശ്യങ്ങൾ കളക്ടറേറ്റിൽ ഇതിനായി ഒരുക്കിയിരിക്കുന്ന കൺട്രോൾ റൂമിൽ മുഴുവൻ സമയവും നിരീക്ഷിക്കും. ജില്ലയിൽ നീതിപൂർവവും സമാധാനപരവുമായി വോട്ടെടുപ്പ് നടക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായാണ് വെബ്കാസ്റ്റിങ് അടക്കമുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതെന്നും കളക്ടർ പറഞ്ഞു.

മെഷീൻ തകരാറിലായാൽ അടിയന്തര നടപടി

വോട്ടെടുപ്പിനിടെ ഇലക്ട്രോണിക് വോട്ടിങ് മെഷീൻ തകരാറിലായാൽ അടിയന്തരമായി പരിഹരിക്കുന്നതിനും യന്ത്രം മാറ്റിവയ്ക്കുന്നതിമുള്ള എല്ലാ ക്രമകീരണങ്ങളും പൂർത്തിയായിട്ടുണ്ട്. ഇതിനായി ജില്ലയിൽ 291 സെക്ടറൽ ഓഫിസർമാരെ പ്രത്യേകം നിയോഗിച്ചിട്ടുണ്ട്. തകരാറിലായ വോട്ടിങ് യന്ത്രം മാറ്റിവയ്‌ക്കേണ്ട സാഹചര്യമുണ്ടായാൽ ഉപയോഗിക്കാൻ ഒരു സെക്ടറൽ ഓഫിസർക്ക് രണ്ട് ഇ.വി.എമ്മുകൾ അധികമായി നൽകിയിട്ടുണ്ട്. ബാറ്ററി തകരാറിലാണെങ്കിൽ മാറ്റിവയ്ക്കാൻ അധിക എണ്ണം ബാറ്ററിയുംനൽകിയിട്ടുണ്ട്.

പോളിങ് ബൂത്തുകളിൽ കർശന കോവിഡ് സുരക്ഷ

കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ വോട്ടെടുപ്പ് നടക്കുന്ന എല്ലാ ബൂത്തുകളിലും കർശന കോവിഡ് മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നു കളക്ടർ പറഞ്ഞു. തെർമൽ സ്‌കാനിങ് അടക്കമുള്ള പരിശോധനാ സംവിധാനങ്ങളും ഹാൻഡ് വാഷ്, ഹാൻഡ് സാനിറ്റൈസർ തുടങ്ങിയവ അടങ്ങിയ ബ്രേക്ക് ദ ചെയിൻ കിറ്റും എല്ലാ ബൂത്തുകളിലും നൽകിയിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു.

ബൂത്തുകളിൽ വരി നിൽക്കുന്നവർ സാമൂഹിക അകലം കർശനമായി പാലിക്കണം. ഇതിനായി ബൂത്തുകൾക്കു മുന്നിൽ പ്രത്യേക അടയാളങ്ങളിട്ടിട്ടുണ്ട്. സ്ത്രീകൾ, പുരുഷന്മാർ, ഭിന്നശേഷിക്കാർ, മുതിർന്നവർ എന്നിവർക്കായി മൂന്നു ക്യൂ ഓരോ ബൂത്തിലുമുണ്ടാകും. സമ്മതിദായകർ കൃത്യമായി സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ബൂത്ത് തല ഓഫിസർമാരും സന്നദ്ധ പ്രവർത്തകരും ഉറപ്പാക്കണമെന്നും കളക്ടർ പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിനായി പോളിങ് ഓഫിസർമാർക്കു പുറമേ എല്ലാ ബൂത്തുകളിലും ഒരു ഉദ്യോഗസ്ഥനെ പ്രത്യേകമായി നിയമിച്ചിട്ടുണ്ട്.

സമ്മതിദായകരും കർശന കോവിഡ് പ്രോട്ടോക്കോൾ പാലിക്കണം

വോട്ട് ചെയ്യാനായി വീട്ടിൽ നിന്നിറങ്ങുന്നതു മുതൽ തിരികെയെത്തുന്നതുവരെ മൂക്കും വായും മൂടത്തക്ക വിധം മാസ്‌ക് നിർബന്ധമായും ധരിച്ചിരിക്കണം. കുട്ടികളെ ഒരു കാരണവശാലും കൂടെ കൊണ്ട് പോകരുത്. രജിസ്റ്ററിൽ ഒപ്പിടുന്നതിനുള്ള പേന കയ്യിൽ കരുതുക. പരിചയക്കാരെ കാണുമ്പോൾ മാസ്‌ക് താഴ്ത്തി ഒരു കാരണവശാലും സംസാരിക്കരുത്. ആരെങ്കിലും മാസ്‌ക് താഴ്ത്തി സംസാരിച്ചാൽ അവരോട് മാസ്‌ക് വച്ച് സംസാരിക്കാൻ പറയുക. ആരോട് സംസാരിച്ചാലും ആറ് അടി സാമൂഹിക അകലം പാലിക്കണം. പോളിങ് ബൂത്തിൽ ക്യൂവിൽ നിൽക്കുമ്പോഴും മുന്നിലും പിന്നിലും ആറടി സാമൂഹ്യ അകലം പാലിക്കണം. കൂട്ടം കൂടി നിൽക്കരുത്.

കോവിഡ് രോഗികളും കോവിഡ് രോഗലക്ഷണമുള്ളവരും വോട്ടെടുപ്പിന്റെ അവസാന മണിക്കൂറിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് മാത്രമേ വോട്ട് ചെയ്യാൻ പാടുള്ളൂ. പനി, തുമ്മൽ, ചുമ തുടങ്ങിയ ലക്ഷണങ്ങളുള്ളവർ വോട്ടെടുപ്പിന്റെ അവസാന മണിക്കൂറിൽ മാത്രം വോട്ട് ചെയ്യുവാൻ പോകുക. അവർ ആൾക്കൂട്ടത്തിൽ പോകരുത്. മറ്റു ഗുരുതര രോഗമുള്ളവർ തിരക്ക് കുറഞ്ഞ സമയത്ത് മാത്രം പോയി വോട്ട് രേഖപ്പെടുത്തേണ്ടതാണ്.

വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തേയ്ക്ക് പോകു മ്പോഴും നിർബന്ധമായും സാനിറ്റൈസർ ഉപയോഗിക്കണം. വോട്ട് ചെയ്തശേഷം ഉടൻ തന്നെ തിരിച്ച് പോകുക. വീട്ടിലെത്തിയാലുടൻ കൈകൾ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകണം. എന്തെങ്കിലും സംശയമുണ്ടെങ്കിൽ ദിശ – 1056 ൽ വിളിക്കാവുന്നതാണ്.

NO COMMENTS