വോട്ടെടുപ്പ് നാളെ (ഏപ്രിൽ 06); വിധിയെഴുതാൻ ജില്ലയിൽ 28 ലക്ഷം വോട്ടർമാർ

13

തിരുവനന്തപുരം:നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നാളെ (06 ഏപ്രിൽ 2021). രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെയാണു വോട്ടെടുപ്പ്. ജില്ലയിലെ 14 നിയമസഭാ മണ്ഡലങ്ങളിലായി 28,19,710 സമ്മതിദായകർക്കാണു വോട്ടവകാശമുള്ളത്. വോട്ടെടുപ്പിനായി ജില്ലയിലെ 4,164 പോളിങ് ബൂത്തുകൾ പൂർണ സജ്ജമായി.

വോട്ടെടുപ്പിനു മുന്നോടിയായി രാവിലെ 5.30ന് മോക് പോളിങ് ആരംഭിക്കും. സ്ഥാനാർഥികളുടെ ബൂത്ത് ഏജന്റുമാരുടെ സാന്നിധ്യത്തിലാകും മോക് പോളിങ്. ഒരു വോട്ടിങ് യന്ത്രത്തിൽ 50 വോട്ടുകളെങ്കിലും രേഖപ്പെടുത്തി എണ്ണി തിട്ടപ്പെടുത്തിയശേഷം യന്ത്രം ക്ലിയർ ചെയ്ത് സീൽ ചെയ്യും. ഇതിനു ശേഷം ഏഴു മണിക്ക് വോട്ടെടുപ്പ് ആരംഭിക്കും.

ജില്ലയിലെ സമ്മതിദായകരുടെ എണ്ണം നിയോജക മണ്ഡലാടിസ്ഥാനത്തിൽ

നിയമസഭാ മണ്ഡലം പുരുഷൻമാർ സ്ത്രീകൾ ട്രാൻസ്‌ജെൻഡേഴ്‌സ് ആകെ
വർക്കല 87,074 1,00,572 0 1,87,646
ആറ്റിങ്ങൽ 92,461 1,09,660 2 2,02,123
ചിറയിൻകീഴ് 91,124 1,08,093 3 1,99,220
നെടുമങ്ങാട് 98,412 1,08,820 2 2,07,234
വാമനപുരം 93,634 1,06,355 3 1,99,992
കഴക്കൂട്ടം 93,159 1,01,205 1 1,94,365
വട്ടിയൂർക്കാവ് 99,323 1,08,787 8 2,08,118
തിരുവനന്തപുരം 98,731 1,04,565 23 2,03,319
നേമം 98,952 1,05,279 9 2,04,240
അരുവിക്കര 91,300 1,01,833 1 1,93,134
പാറശാല 1,05,183 1,13,948 0 2,19,131
കാട്ടാക്കട 93,750 1,02,072 5 1,95,827
കോവളം 1,06,928 1,11,726 2 2,18,656
നെയ്യാറ്റിൻകര 90,660 96,043 2 1,86,705
ആകെ 13,40,691 14,78,958 61 28,19,710

ജില്ലയിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് 2,736 പോളിങ് ബൂത്തുകളാണുണ്ടായിരുന്നത്. എന്നാൽ ഇത്തവണ കോവിഡിന്റെ പശ്ചാത്തലത്തിൽ ഒരു ബൂത്തിൽ പരമാവധി ആയിരം പേർക്കു മാത്രമായി വോട്ടിങ് സൗകര്യം നിജപ്പെടുത്തിയതിനാൽ പുതിയ തായി 1,428 ഓക്‌സിലിയറി പോളിങ് ബൂത്തുകൾകൂടി തുറക്കേണ്ടിവന്നിട്ടുണ്ട്. ഇവയടക്കം ആകെ 4,164 പോളിങ് ബൂത്തുകളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. സമ്മതിദായകർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാത്ത രീതിയിൽ ഈ പോളിങ് ബൂത്തുകളുടെ സമീപ ത്തുതന്നെയാണ് ഓക്‌സിലിയറി പോളിങ് ബൂത്തുകളും തുറന്നിട്ടുള്ളതെന്ന് ജില്ലാ ഇലക്ഷൻ ഓഫിസർകൂടിയായ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ പറഞ്ഞു.

NO COMMENTS