ദുബൈയിലെ വ്യാപാരിയെ വ്യാജപാസ്‌പോര്‍ട്ട് തട്ടിപ്പു കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു

268

duplicate passport
കാസര്‍കോട്: ദുബൈയിലെ വ്യാപാരിയെ വ്യാജപാസ്‌പോര്‍ട്ട് തട്ടിപ്പു കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. പെരിയാട്ടടുക്കത്തെ പി.എച്ച് ഇബ്രാഹിമി (59)നെയാണ് കാസര്‍കോട് ക്രൈംബ്രാഞ്ച് സി.ഐ എ.സതീഷ് കുമാറും സംഘവും അറസ്റ്റു ചെയ്തത്.വ്യാഴാഴ്ച ഉച്ചയോടെയാണ് പ്രതിയെ പെരിയാട്ടടുക്കത്ത് നിന്നും പോലീസ് അറസ്റ്റു ചെയ്തത്. ഇയാളുടെ വീട് റെയ്ഡ് ചെയ്ത ക്രൈംബ്രാഞ്ച് വ്യാജ പാസ്‌പോര്‍ട്ട് പിടിച്ചെടുക്കുകയും ചെയ്തു. കാഞ്ഞങ്ങാട് അജാനൂര്‍ കൊളവയലിലെ കണ്ടത്തില്‍ മുഹമ്മദ് ഹാജി എന്നയാളുടെ പേരിലാണ് വ്യാജ വിലാസം നല്‍കി ഇബ്രാഹിം പാസ്‌പോര്‍ട്ട് സമ്പാദിച്ചത്. ഇബ്രാഹിമിന് യഥാര്‍ത്ഥ വിലാസമുള്ള മറ്റൊരു പാസ്‌പോര്‍ട്ടുമുണ്ടെന്ന് ക്രൈംബ്രാഞ്ച് സി.ഐ വെളിപ്പെടുത്തി.
വ്യാജപാസ്‌പോര്‍ട്ട് കേസില്‍ ഉള്‍പെട്ട കൂടുതല്‍ ഫോട്ടോകള്‍ പോലീസ് പുറത്തുവിട്ടു. 250 ഓളം പേരാണ് കാസര്‍കോട് ജില്ലയില്‍ വ്യാജപാസ്‌പോര്‍ട്ട് സ്വന്തമാക്കിയിട്ടുള്ളത്. ഈ കേസിന്റെ അന്വേഷണം നേരത്തെ ഇന്റേണല്‍ സെക്യൂരിറ്റി ഇന്‍വെസ്റ്റിഗേഷന്‍ (ഐ എസ് ഐ ടി) ടീമിന് കൈമാറിയിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് ഐ എസ് ഐ ടിയുടെ അന്വേഷണം ഊര്‍ജിതമായിരുന്നില്ല. ഇതേ തുടര്‍ന്നാണ് വീണ്ടും അന്വേഷണം ക്രൈംബ്രാഞ്ചിന് തന്നെ കൈമാറിയിരിക്കുന്നത്. കാസര്‍കോട് ജില്ലയില്‍ നിന്നും നിരവധി പേര്‍ തീവ്രവാദ സംഘടനകളില്‍ ചേര്‍ന്നതായുള്ള സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പാസ്‌പോര്‍ട്ട് കേസ് സംബന്ധിച്ചുള്ള അന്വേഷണം ക്രൈംബ്രാഞ്ച് ഊര്‍ജിതമാക്കിയത്. കേസുമായി ബന്ധപ്പെട്ട് ഹൊസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരുള്‍പെടെയുള്ളവരെ പ്രതിയാക്കി കേസെടുക്കുകയായിരുന്നു.

പോസ്റ്റ് ഓഫീസ് ജീവനക്കാരും കേസില്‍ പ്രതികളായിരുന്നു. ഇതിന്റെയെല്ലാം അന്വേഷണം ശരിയായ രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ അ്‌ന്വേഷണ സംഘത്തിന് സാധിച്ചിരുന്നില്ല. ഇതിനിടയിലാണ് പുതിയ സംഭവവികാസങ്ങള്‍ ജില്ലയിലുണ്ടായത്. ഇതിന്റെ ചുവടുപിടിച്ചാണ് ഇപ്പോള്‍ പാസ്‌പോര്‍ട്ട് കേസുകളെല്ലാം ക്രൈംബ്രാഞ്ച് വീണ്ടും പൊടിതട്ടിയെടുത്തത്. അറസ്റ്റിലായ ഇബ്രാഹിമിനെ വ്യാഴാഴ്ച രാത്രിയോടെ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.

NO COMMENTS

LEAVE A REPLY