വയോജനങ്ങൾക്ക് സഹായവുമായി സാമൂഹ്യനീതി വകുപ്പ്

77

ഭക്ഷണങ്ങളും മരുന്നുകളും ഉറപ്പ് വരുത്താൻ എല്ലാ ജില്ലകളിലും സീനിയർ സിറ്റിസൺ സെൽ
സംസ്ഥാനത്ത് കോവിഡ്-19 കേസുകൾ കൂടുന്ന സാഹചര്യത്തിൽ ഹൈ റിസ്‌കിലുള്ള 60 വയസിന് മുകളിൽ പ്രായമുള്ളവർക്ക് പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ.

മറ്റ് അസുഖങ്ങൾക്ക് മരുന്നുകഴിക്കുന്നവരും ശ്വാസകോശ സംബന്ധമായ അസുഖമുള്ളവരും പ്രത്യേകം ശ്രദ്ധിക്കണം. അവർ യാതൊരു കാരണവശാലും മറ്റുള്ളവരുമായി ബന്ധപ്പെടാൻ പാടില്ല. ലോകത്തെമ്പാടും ഏറ്റവുമധികം അത്യാഹിതം സംഭവിച്ചിരിക്കുന്നത് ഇത്തരത്തിലുള്ള ആൾക്കാരിലാണ്. കേരളത്തിൽ ഏതാണ്ട് 1.60 ലക്ഷത്തിലധികം ആൾക്കാർ വീടുകളിൽ നിരീക്ഷണത്തിലാണ്.

ഇത്തരത്തിൽ കഴിയുന്നവരുടെ വീടുകളിൽ പ്രായമായവർ ഉണ്ടെങ്കിൽ അവരെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇവരുമായി യാതൊരുവിധത്തിലും സമ്പർക്കത്തിൽ ഏർപ്പെടാൻ പാടില്ല. കേരളത്തിൽ ഇതുപോലെ രണ്ട് ലക്ഷത്തോളം വയോജനങ്ങൾ വീടുകളിൽ ഒറ്റയ്ക്ക് താമസിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ താമസിക്കുന്നവരുടെ ബുദ്ധിമുട്ടുകൾ പലപ്പോഴും പുറംലോകം അറിഞ്ഞെന്നു വരില്ല. ഇതെല്ലാം മുന്നിൽ കണ്ടാണ് സാമൂഹ്യനീതി വകുപ്പ്, വനിതാ ശിശു വികസന വകുപ്പുകൾ സംയുക്തമായി ചില പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നതെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ 55 ലക്ഷത്തോളം വരുന്ന വയോജനങ്ങളെ സംരക്ഷിക്കുന്നതിനായി അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ അങ്കണവാടി ജീവനക്കാർ ഫോൺ മുഖാന്തരം ബന്ധപ്പെടാം. അങ്കണവാടി പ്രവർത്തകർ ഇവരെ ഓരോരുത്തരുമായി ബന്ധപ്പെട്ട് മരുന്നുകൾ, ഭക്ഷണം, മറ്റ് എന്തെങ്കിലും ആവശ്യങ്ങളുണ്ടോ എന്ന് അന്വേഷിച്ച് കണ്ടെത്തുന്നു. മരുന്നുകൾ ലഭിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ തൊട്ടടുത്ത പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നും, ഭക്ഷണം ലഭിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ തൊട്ടടുത്ത കമ്മ്യൂണിറ്റി കിച്ചനിൽ നിന്നും എത്തിക്കാനുള്ള നിർദേശം നൽകിയിട്ടുണ്ട്.

ഇതുകൂടാതെ എല്ലാ ജില്ലകളിലും സീനിയർ സിറ്റിസൺ സെൽ ആരംഭിച്ചിട്ടുണ്ട്. ജില്ലാ സാമൂഹ്യനീതി ഓഫീസർമാർ, പ്രൊബേഷൻ ഓഫീസർമാർ, ടെക്നിക്കൽ അസിസ്റ്റൻസ്, ഐസിഡിഎസ് പ്രോഗ്രാം ഓഫീസർ എന്നിവരാണ് സെല്ലിന് നേതൃത്വം നൽകുന്നത്. ഇവരെ സഹായിക്കാനായി രണ്ട് വകുപ്പുകളിലെയും ജീവനക്കാരും ഉണ്ടായിരിക്കും. ഇവർ വീട്ടിലെ നിരീക്ഷണത്തിലുള്ളവരെയും ഒറ്റയ്ക്ക് താമസിക്കുന്നവരെയും ഭക്ഷണം കിട്ടാത്തവരെയും മരുന്നു കിട്ടാത്തവരെയും കണ്ടെത്തി ഇടപെടലുകൾ നടത്തും.

കേരളത്തിൽ സന്നദ്ധ സംഘടനകളുടെ കീഴിൽ 604 വൃദ്ധസദനങ്ങളിലും സർക്കാരിന്റെ കീഴിൽ 16 വൃദ്ധസദനങ്ങളിലും ഉൾപ്പെടെ 22,000ത്തോളം വയോജനങ്ങൾ താമസിക്കുന്നുണ്ട്. ഇവർക്ക് ആയിരം രൂപയുടെ ഭക്ഷണസാധനങ്ങൾ അടങ്ങിയ കിറ്റ് നൽകുന്നത് സർക്കാരിന്റെ പരിഗണനയിലാണ്. അതുകൂടാതെ ഓരോ ഹോമിലും നടക്കുന്ന ദൈനംദിന കാര്യങ്ങൾ അന്വേഷിക്കുന്നതിന് രണ്ട് ഐസിഡിഎസ് സൂപ്പർവൈസർമാർക്ക് ചുമതല നൽകിയിട്ടുണ്ട്. അവർ നിരന്തരം ഹോമുകളിൽ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ച് മരുന്നും ആഹാരസാധനങ്ങളും കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നു.

വയോമിത്രം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 97 വയോമിത്രം കേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ വയോജനങ്ങൾ ഒത്തുകൂടുന്നത് ആശാസ്യമല്ലാത്തതിനാൽ അവർക്കാവശ്യമുള്ള മരുന്നുകൾ വീട്ടിൽ എത്തിച്ചു വരുന്നു. ആർക്കെങ്കിലും മരുന്നു കിട്ടാത്ത സാഹചര്യം ഉണ്ടെങ്കിൽ അത് ഐസിഡിഎസ് സൂപ്പർവൈസർമാരേയോ അങ്കണവാടി പ്രവർത്തകരെയോ അറിയിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

NO COMMENTS