അർപ്പണ മനോഭാവമുള്ള ആളുകൾ നാടിന്റെ സമ്പത്ത് – മന്ത്രി മുഹമ്മദ് റിയാസ്

20

അർപ്പണ മനോഭാവമുള്ള ആളുകളാണ് നമ്മുടെ നാടിന്റെ സമ്പത്തെന്ന് പൊതുമരാമത്ത് – ടൂറിസം വകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഭിന്നശേഷിക്കാരെ ഉയർത്തിക്കൊണ്ടുവരിക എന്നത് സർക്കാരിന്റെ ലക്ഷ്യമാണ്. അവരെ മാറ്റിനിർത്താതെ ഒപ്പംചേർത്തു നിർത്താൻ നമുക്കാകണം. പാഠ്യപദ്ധതിയിലുൾപ്പെടെ ഇതിനായുള്ള മാറ്റം കൊണ്ടുവരേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസിൽ (ഇംഹാൻസ്) ‘കളിമുറ്റം’ എന്നപേരിൽ പണികഴിപ്പിച്ച കുട്ടികളുടെ പാർക്ക് ഉദ്ഘാടനം ചെയ്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ഇംഹാൻസ് വിലമതിക്കാനാവാത്ത സേവനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇംഹാൻസിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ സർക്കാർ തലത്തിൽ ചെയ്യാനാകുന്നതെല്ലാം ചെയ്യും. പൊതുമരാമത്ത്, ടൂറിസം വകുപ്പുകളുടെ പുതിയ നിർമാണ പ്രവൃത്തികളെല്ലാം ഭിന്നശേഷീ സൗഹൃദമാണെന്നും മന്ത്രി പറ‍ഞ്ഞു. റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെയാണ് കുട്ടികളുടെ പാർക്കിന്റെ നിർമാണം പൂർത്തീകരിച്ചത്. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ മാനസികോല്ലാസം ലക്ഷ്യ മിട്ടാണ് പാർക്ക് നിർമിച്ചി‌ട്ടുള്ളത്.

മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തികൾക്കുള്ള പരിശീലന – പുനരധിവാസ പദ്ധതിയായ യൂ-ടേൺ: ദ് വേ ടു റിക്കവറി പ്രൊജക്ടി ലുള്ള ടീ കൗണ്ടർ, സെയിൽസ് കൗണ്ടർ എന്നിവയും ഉദ്ഘാടനം ചെയ്തു. റിക്കവറി ഫെസിലിറ്റേഷൻ പ്രൊജക്ടിനുള്ള (ആർഎഫ്പി) ഫണ്ട് ലഭ്യമാക്കുന്നത് സാമൂഹ്യനീതി വകുപ്പാണ്.സൈക്കോതെറാപി, സോഷ്യൽ സ്കിൽ ട്രെയിനിങ്, തൊഴിൽ പരിശീലനം എന്നിവ നൽകി ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്നതാണ് പ്രൊജക്ടിന്റെ ലക്ഷ്യം.

സോഷ്യൽ സ്കിൽ ട്രെയിനിങിന്റെ ഭാ​ഗമായി നിർമിച്ച ആർഎഫ്പി ടീ കൗണ്ടർ എം.കെ രാഘവൻ എം.പിയും ആർഎഫ്പി സെയിൽ കൗണ്ടർ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎയും ഉദ്ഘാടനം ചെയ്തു.

റോട്ടറി ക്ലബ്ബ് കാലിക്കറ്റ് സൗത്ത് പ്രസിഡന്റ് ടി.കെ. രാധാകൃഷ്ണൻ അധ്യക്ഷനായി. ഇംഹാൻസ് ഡയറക്ടർ ഡോ. പി. കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി. റോട്ടറി അസിസ്റ്റന്റ് ​ഗവർണർ ഡോ. പി.എൻ. അജിത, കോർപറേഷൻ കൗൺസിലർ ഇ.എം. സോമൻ തുടങ്ങിയവർ പങ്കെടുത്തു. റോട്ടറി ക്ലബ് പ്രോ​ഗ്രാം ചെയർമാൻ പി.സി.കെ രാജൻ സ്വാ​ഗതവും ഇംഹാൻസ് ആർഎഫ്പി കോ-ഓർഡിനേറ്റർ ടി. രേഷ്മ നന്ദിയും പറഞ്ഞു.

NO COMMENTS