കുന്ദംകുളത്ത് ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം

232

തൃശ്ശൂര്‍ : ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം. രണ്ട് പള്ളികളുടെ മേല്‍ക്കൂര തകര്‍ന്നുവീണ് നിരവധി പേര്‍ക്ക് പരിക്കേറ്റു. കുന്ദംകുളം മേഖലയില്‍ അപ്രതീക്ഷിതമായുണ്ടായ ചുഴലിക്കാറ്റിലാണ് വന്‍നാശനഷ്ടം ഉണ്ടായത്. പുരാതനമായ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയുടേയും ഹോളി ക്രോസ്സ് പള്ളിയുടേയും മേല്‍ക്കൂരകളാണ് ശക്തമായ കാറ്റില്‍ തകര്‍ന്ന് വീണത്.
സെന്റ് മേരീസ് പള്ളിയില്‍ പൊതുയോഗം നടക്കുന്നതിനിടെയാണ് മേല്‍ക്കൂര തകര്‍ന്ന് വീണത്. മേല്‍ക്കൂരയിലെ ഓടുകള്‍ തലയില്‍ പതിച്ചാണ് ആളുകള്‍ക്ക് പരിക്ക് പറ്റിയത്. സാരമായി പരിക്കേറ്റവരെ കുന്ദംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുന്ദംകുളം സെന്റ് തോമസ് എല്‍.പി സ്കൂളിന്റെ മേല്‍ക്കൂരയും ചുഴലിക്കാറ്റില്‍ തകര്‍ന്നു. പള്ളിപരിസരത്തും റോഡുകളിലും പാര്‍ക്ക് ചെയ്ത നിരവധി വാഹനങ്ങള്‍ക്ക് മരം വീണ് കേടുപാടുകള്‍ സംഭവിച്ചു.ചുഴലിക്കാറ്റിനെ തുടര്‍ന്ന് ചിറ്റഞ്ഞൂര്‍, കാവിലക്കാട്, ആര്‍ത്താറ്റ് മേഖലകളില്‍ വ്യാപകമായി മരങ്ങള്‍ കടപുഴകി വീണിട്ടുണ്ട്. ചിലയിടത്ത് വീടുകള്‍ക്ക് മേലെയാണ് മരങ്ങള്‍ പതിച്ചത്. വ്യാപകമായി മരങ്ങള്‍ വീണതിനെ തുടര്‍ന്ന് പ്രദേശത്തേക്കുള്ള വൈദ്യുതവിതരണം നിര്‍ത്തിവച്ചു. റോഡില്‍ വീണ മരങ്ങള്‍ നീക്കി വൈദ്യുതിയും ഗതാഗതവും പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് പോലീസും ഫയര്‍ഫോഴ്സും കെഎസ്‌ഇബി ജീവനക്കാരും. ചുഴലിക്കാറ്റിനെതുടര്‍ന്ന് തൃശ്ശൂര്‍ഗുരുവായൂര്‍ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.

NO COMMENTS