ഫാക്‌ട് ഡപ്യൂട്ടി ജനറല്‍ മാനേജരുടെ വീട്ടില്‍ സിബിഐ റെയ്ഡ്

235

കൊച്ചി • ജിപ്സം വാങ്ങിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഫാക്‌ട് ഡപ്യൂട്ടി ജനറല്‍ മാനേജര്‍ ശ്രീനാഥ് കമ്മത്തിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പുള്ളിമാന്‍തോല്‍ പിടികൂടി. സിബിഐ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് മാന്‍തോല്‍ കണ്ടെത്തിയത്. വന്യജീവി സംരക്ഷണ നിയമപ്രകാരം ശ്രീനാഥ് കമ്മത്തിനെതിരെ വനംവകുപ്പ് കേസെടുത്തു. റെയ്ഡില്‍ പിടിച്ചെടുത്ത മാന്‍തോല്‍ സിബിഐ ഉദ്യോഗസ്ഥര്‍ വനംവകുപ്പിന് കൈമാറി. ശ്രീനാഥ് കമ്മത്തിന്റെ ആറ് അക്കൗണ്ടുകളിലായി 85 ലക്ഷം രൂപയും കണ്ടെത്തിട്ടുണ്ട്. ഈ അക്കൗണ്ടുകള്‍ സിബിഐ മരവിപ്പിച്ചു. ജിപ്സം വാങ്ങിയതിലെ അഴിമതിയുമായി ബന്ധപ്പെട്ട് ഇന്നു രാവിലെ മുതല്‍ ഫാക്‌ട് ഉദ്യോഗസ്ഥരുടെ വീടുകളില്‍ സിബിഐ റെയ്ഡുകള്‍ സംഘടിപ്പിച്ചിരുന്നു. ഫാക്ടിലെ ഡപ്യൂട്ടി ജനറല്‍ മാനേജരുടെ വീട്ടിലും മറ്റൊരു ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ വീട്ടിലുമാണ് തിരച്ചില്‍ നടത്തിയത്. 1.34 കോടി രൂപയുടെ അഴിമതിയാണ് ജിപ്സം വാങ്ങിയതുമായി ബന്ധപ്പെട്ട് നടത്തിയത് എന്നാണ് സിബിഐ കണ്ടെത്തിയത്. ഇതിന്റെ ഭാഗമായി സിബിഐ കേസെടുക്കുകയും ചെയ്തിരുന്നു. കേസിന്റെ ഭാഗമായി ഉച്ചയ്ക്കുശേഷം നടത്തിയ തിരച്ചിലിലാണ് മാന്‍തോല്‍ കണ്ടെത്തിയത്.

NO COMMENTS

LEAVE A REPLY