ബോക്സിങ് ഇതിഹാസം മുഹമ്മദ് അലി അന്തരിച്ചു

292

ബോക്സിങ് ഇതിഹാസം മുഹമ്മദ് അലി (74) അന്തരിച്ചു. പാർകിൻസൺ രോഗബാധിതനായിരുന്നു. യുഎസിലെ അരിസോണിലാണ് അന്ത്യം. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ചികിൽസയിലായിരുന്നു. ബോക്‌സിങ് ചക്രവർത്തി എന്ന വിശേഷണം ലോകം ചാർത്തിക്കൊടുത്ത ഒരു താരമയുള്ളൂ. അത് മുഹമ്മദ് അലിയാണ്. ‘ദ് ഗ്രേറ്റസ്‌റ്റ്’, ‘ദ് പീപ്പിൾസ് ചാംപ്യൻ’ തുടങ്ങിയ ഓമനപ്പേരുകളിൽ അറിപ്പെടുന്ന താരമായിരുന്നു അലി.

അമേരിക്കയിലെ ലൂയിവില്ലയിൽ 1942 ജനുവരി 17നായിരുന്നു കാഷ്യസ് ക്ലേയുടെ ജനനം. കാഷ്യസ് മാർസെലസ് ക്ലേ സീനിയറിന്റെയും ഒഡീസ ഗ്രേഡിയുടെയും മൂത്ത പുത്രനായി ജനിച്ച ക്ലേ സാധാരണയൊരു നീഗ്രോ കുടുംബത്തിലെ അംഗം മാത്രമായിരുന്നു. 1960ലെ റോം ഒളിംപിക്‌സിൽ, തന്റെ 19-ാം വയസിൽ ലൈറ്റ് ഹെവിവെയ്‌റ്റ് (81 കിലോ) ബോക്‌സിങ് സ്വർണം നേടിയതോടെയാണ് ക്ലേ പ്രശസ്‌തിയിലേക്കുയർന്നത്.

1964ൽ ഇസ്‌ലാംമതം സ്വീകരിച്ചതോടെ ക്ലേ ലോകത്തിന്റെ പ്രിയപ്പെട്ട മുഹമ്മദ് അലിയാവുകയായിരുന്നു. 1964ൽ നേടിയ ലോകകിരീടം 67ൽ അദ്ദേഹത്തിൽനിന്ന് തിരിച്ചെടുക്കപ്പെട്ടു-വിയറ്റ്‌നാം യുദ്ധത്തിൽ പങ്കെടുക്കാൻ വിസമ്മതിച്ചതിന്. മൂന്നു വർഷത്തിനുശേഷം അലി റിങ്ങിൽ മടങ്ങിയെത്തി. വിവിധ വേദികളിലെ റിങ്ങുകളിൽ അലി തോൽപ്പിച്ചവർ നിസാരക്കാരായിരുന്നില്ല- ജോ ഫ്രെയ്‌സർ, ജോർജ് ഫോർമാൻ, ലിയോൺ സ്‌പിങ്ക്‌സ്, റോൺ ലൈലി, ബസ്‌റ്റർ മാത്തിസ്, ജോർജ് ചുവലോ, ഫ്ലോയിഡ് പാറ്റേഴ്‌സൻ, ബോബ് ഫോസ്‌റ്റർ, ബഗ്നർ എന്നിവർ അതിൽ ചിലർമാത്രം.

‘നൂറ്റാണ്ടിലെ പോരാട്ടം’ എന്നു വിശേഷിപ്പിക്കപ്പെട്ട ജോ ഫ്രേസർ – അലി മൽസരത്തിൽ പക്ഷേ അലി കീഴടങ്ങി. എന്നാൽ 1974 ഒക്‌ടോബർ 30ന് ഫോർമാനെ എട്ടാം റൗണ്ടിൽ വീഴ്‌ത്തി അലി വീണ്ടും ലോകചാംപ്യൻ ആയി. 1981 അവസാനം കാനഡയുടെ ട്രവർ ബെർബിക്കിനു കീഴടങ്ങിയതോടെ അലി തന്റെ കായികജീവിതം ഏതാണ്ട് അവസാനിപ്പിച്ചു.