മൂല്യ വർദ്ധനവിലൂടെ കാർഷിക മേഖലയ്ക്ക് മെച്ചപ്പെട്ട വിപണി കണ്ടെത്താം: സ്പീക്കർ എ.എൻ. ഷംസീർ

13

കൃഷി സംസ്‌കാരത്തിന്റെ ഭാഗമാണ്, അവഗണിക്കുവാൻ കഴിയാത്തവിധം എല്ലാ സംസ്‌കാരങ്ങളിലും ഇഴുകിച്ചേർന്ന മേഖലയാണ് കൃഷി. കർഷകരുടെ വരുമാന വർദ്ധനവിന് മൂല്യ വർദ്ധനവ് ഏറ്റവും മികച്ച ആശയമാണെന്നും അതുവഴി മെച്ചപ്പെട്ട വിപണി കണ്ടെത്താമെന്നും നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ. കൃഷി വകുപ്പ് പുത്തരിക്കണ്ടം മൈതാനിയിൽ സംഘടിപ്പിച്ച വൈഗ 2023 സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്പീക്കർ.

ജന പങ്കാളിത്തം കൊണ്ടും നവീന ആശയങ്ങൾ കൊണ്ടും വൈഗ ആറാമത്തെ എഡിഷൻ വിജയമായി എന്നും, വൈഗ സമാപിക്കു കയല്ല വൈഗയുടെ ഭാഗമായി സംഘടിപ്പിച്ച കാർഷിക മൂല്യ വർദ്ധന മേഖലയിലെ അനവധി ഇടപെടലുകളിലൂടെ തുടർനടപടി കളുമായി സജീവമാകുമെന്നും അധ്യക്ഷ പ്രസംഗത്തിൽ കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു.

കേരൾ അഗ്രോ ബ്രാൻഡിൽ 65 കാർഷിക ഉത്പന്നങ്ങൾ ഓൺലൈനിൽ എത്തിച്ചുവെന്നും, തുടർന്ന് കാർഷികോത്പാദന സംഘടന കൾ ഉത്പാദിപ്പിക്കുന്ന ഗുണമേന്മയുള്ള ഉൽപ്പന്നങ്ങളും കർഷകരുടെ ഉൽപ്പന്നങ്ങളും ബ്രാൻഡ് ചെയ്ത് വിപണിയിൽ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. 128 കരാറുകളിലായി 39.76 കോടി രൂപയുടെ കാർഷിക ഉത്പന്നങ്ങൾ ബി2ബി മീറ്റിലൂടെ ബിസിനസ് ചെയ്യാൻ കഴിഞ്ഞുവെന്നും തുടർന്നു ബി2ബി മീറ്റുകൾ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

കാർഷിക മേഖലയിലെ വിവിധ പ്രശ്നങ്ങൾക്ക് സാങ്കേതികമായ പരിഹാരം കണ്ടെത്തുന്നതിനായി സംഘടിപ്പിച്ച അഗ്രി ഹാക്കത്തോ ണിലെ തെരഞ്ഞെടുത്ത ആശയങ്ങൾ കാർഷിക മേഖലയ്ക്ക് ഉതകുന്ന തരത്തിൽ വിവിധ പദ്ധതികളിൽ സമ്മേളിപ്പിക്കാനുള്ള ശ്രമം കൃഷി വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. വൈഗയുടെ പ്രധാന ആകർഷണമായ ഡിപിആർ ക്ലിനിക്കിന്റെ ഭാഗമായി 50 ഡിപിആറുകൾ തയ്യാറാക്കിയെന്നും മന്ത്രി സൂചിപ്പിച്ചു. സമാപന സമ്മേളന വേദിയിൽ പുതു സംരംഭകർക്ക് ഡിപി ആറുകൾ കൈമാറി.

കർഷകർക്കും സംരംഭകർക്കും കാർഷിക മൂല്യ വർദ്ധന മേഖലയിലെ നവീന ആശയങ്ങൾ പകർന്നുനൽകിക്കൊണ്ടും കർഷക സമൂഹത്തിന് പ്രതീക്ഷയും പുത്തൻ ഉണർവും നൽകികൊണ്ടും വൈഗ കാർഷിക പ്രദർശന നഗരി കഴിഞ്ഞ ആറ് ദിവസം തലസ്ഥാന നഗരിയെ കാർഷിക കേരളത്തിന്റെ പരിച്ഛേദമാക്കി മാറ്റിയെന്നും മന്ത്രി പറഞ്ഞു.

കാർഷിക മേഖലയിൽ മൂല്യവർദ്ധിത ശൃംഖലയുടെ വികസനം എന്ന ആശയം ആഗോള സാമ്പത്തിക സാഹചര്യത്തിൽ സുപ്ര ധാനമായ ഒന്നാണെന്ന് അന്താരാഷ്ട്ര നാളികേര സമൂഹത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ജൽഫിന സി അലൗ പറഞ്ഞു. വൈഗ പുത്തൻ ആശയങ്ങൾ കാർഷിക മേഖലയ്ക്ക് സമ്മാനിച്ചുവെന്ന് റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. മന്ത്രിമാരായ ജി.ആർ. അനിൽ, ജെ ചിഞ്ചുറാണി, അഹമ്മദ് ദേവർകോവിൽ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, കേരഫെഡ് ചെയർമാൻ വി.ചാമുണ്ണി, ബാങ്ക് ഓഫ് ബറോഡ, കാനറാ ബാങ്ക് പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

വിവിധ മത്സരങ്ങളിൽ വിജയികളായവർക്കും വൈഗയിൽ മികച്ച പ്രകടനം നടത്തിയവർക്കുമുള്ള സമ്മാനദാനം മന്ത്രിമാർ നിർവ്വഹിച്ചു. കാർഷികോൽപാദന കമ്മീഷണർ ബി. അശോക് സ്വാഗതവും കൃഷി അഡീഷണൽ ഡയറക്ടർ ജോർജ് അലക്സാണ്ടർ നന്ദിയും പറഞ്ഞു.

NO COMMENTS

LEAVE A REPLY