സമൂഹത്തിലുള്ള സ്ഥാനം കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കാന്‍ തടസ്സമാകില്ലെന്ന് മുഖ്യമന്ത്രി

170

കണ്ണൂര്‍ : കുറ്റം ചെയ്തവര്‍ക്ക് സമൂഹത്തിലുള്ള സ്ഥാനം അവര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് തടസ്സമാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പിണറായിയില്‍ പുതുതായി അനുവദിച്ച പൊലീസ് സ്‌റ്റേഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രമാദമായ സംഭവങ്ങളില്‍ പോലും പ്രതികളെ നിയമത്തിനു മുന്നിലെത്തിക്കുന്നതില്‍ പൊലീസിന്റെ കരങ്ങളില്‍ വിലങ്ങില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ പ്രമുഖ നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ അത് തെളിയിച്ചതാണ്. എന്ത് സ്ഥാനം വഹിക്കുന്നുവെന്ന് നോക്കിയല്ല കുറ്റകൃത്യങ്ങളിലുള്‍പ്പെടുന്നവരെ കൈകാര്യം ചെയ്യുക. സര്‍ക്കാരിന്റെ ഈ നിലപാട് പൊതുസമൂഹം അംഗീകരിച്ചതുമാണ്. അതിലൊക്കെ ചെറിയ വിഷമമുള്ളവര്‍ മറ്റു പല പ്രചാരണങ്ങളും നടത്തും. അത് ചില താല്‍പര്യങ്ങളുടെ പേരിലാണ് എന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതില്‍ കേരളം മാതൃകാപരമായ മുന്നേറ്റമാണ് നടത്തിയത്. ലോകത്ത് സ്ത്രീകള്‍ക്ക് ഏറ്റവും കുറഞ്ഞ സുരക്ഷയുള്ള രാജ്യമായി ഇന്ത്യയെ തോംസണ്‍ റോയിട്ടേഴ്‌സ് സര്‍വേയില്‍ കണ്ടെത്തിയ സമയത്താണ് കേരളം ഈ നേട്ടം കൈവരിച്ചതെന്ന് ഓര്‍ക്കണം. കുറ്റകൃത്യങ്ങളിലും ഗണ്യമായ കുറവ് കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉണ്ടായി. സങ്കീര്‍ണമായ കേസുകളിലടക്കം കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കുന്നതില്‍ കേരള പൊലീസ് ആശ്ചര്യകരമായ പ്രവര്‍ത്തനമാണ് നടത്തിയത്. കാര്യക്ഷമതയും സാങ്കേതിക വിദ്യയുടെ വിനിയോഗവും കൂടിച്ചേര്‍ന്നാണ് ഈ നേട്ടങ്ങളൊക്കെയും. പൊലീസ് സ്‌റ്റേഷനുകള്‍ ജനസേവനകേന്ദ്രങ്ങള്‍ കൂടിയാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഒട്ടേറെ ജനസൗഹൃദപദ്ധതികള്‍ ഇതിന്റെ ഭാഗമായി നടപ്പാക്കി. എന്നാല്‍ സ്‌റ്റേഷനുകള്‍ മാത്രം നന്നായിട്ടു കാര്യമില്ല. ഉദ്യോഗസ്ഥരുടെ സമീപനത്തിലും ജനങ്ങളോട് അനുഭാവപൂര്‍ണമായ മാറ്റമുണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമപ്രകാരം പ്രവര്‍ത്തിക്കുന്നവര്‍ ഒരുകാരണവശാലും ആശങ്കപ്പെടേണ്ട കാര്യമില്ല. കുറ്റവാളികളാണ് പോലിസിനെ ഭയക്കേണ്ടത്. പോലിസിനെ കാണുമ്ബോള്‍ സുരക്ഷാ ബോധം ജനങ്ങളിലുണ്ടാവണം. അവരെ സ്‌നേഹിക്കാന്‍ കഴിയുന്ന മാനസികാവസ്ഥയിലേക്ക് സമൂഹം വളരണം. പൊലീസുദ്യോഗസ്ഥര്‍ നിയമം അനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടത്. നിയമം ലംഘിച്ചുള്ള ഒരു ഇടപെടലും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ല. തെറ്റ് ചെയ്തവര്‍ക്കുവേണ്ടി ഇടപെടാന്‍ ആരെയും അനുവദിക്കുകയുമില്ല. അതേസമയം പൊലീസിലുള്ള എല്ലാവരും ഒരുപോലെയാണെന്ന് പറയാനാവില്ല. ഒറ്റപ്പെട്ട ചില തെറ്റായ പ്രവണതകള്‍ അവരിലുമുണ്ട്. എന്നാല്‍ ഒറ്റപ്പെട്ടതാണെന്ന് കരുതി അത്തരം സംഭവങ്ങള്‍ അവഗണിക്കുകയുമില്ല. അത്തരക്കാരെ കൃത്യമായി നിയമത്തിന് മുന്നിലെത്തിക്കും. അവര്‍ക്കെതിരേ ശക്തമായ നടപടിയുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS