ഇലക്ഷന്‍ മാനേജ്‌മെന്റ്, സ്വീപ് ആക്ഷന്‍ പ്ലാനുകള്‍ പ്രകാശനം ചെയ്തു

146

വയനാട് : ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജില്ലാ ഇലക്ഷന്‍ മാനേജ്‌മെന്റ്, സ്വീപ് ആക്ഷന്‍ പ്ലാനുകള്‍ ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാര്‍ പ്രകാശനം ചെയ്തു. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ മുഴുവന്‍ വിവരങ്ങളും ഇലക്ഷന്‍ മാനേജ്‌മെന്റ് പ്ലാനില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വോട്ടര്‍പട്ടിക, വിവര കൈമാറ്റം, റൂട്ട് ,ലോജിസ്റ്റിക് പ്ലാനുകള്‍, സേനാവിന്യാസം തുടങ്ങിയവ ഇതിന്റെ ഭാഗമാണ്. തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട ഷെഡ്യൂളുകളും പരിപാടികളുമാണ് സ്വീപ് ആക്ഷന്‍ പ്ലാനിലുള്ളത്.

വോട്ടുവണ്ടി, ബോധവല്‍ക്കരണ സന്ദേശയാത്ര, ആദിവാസി കോളനികളിലെ തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണം, സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രചാരണം തുടങ്ങിയവ ഉള്‍ക്കൊളളിച്ചാണ് തയ്യാറാക്കിയിട്ടുളളത്. ഇരു പ്ലാനുകളും സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ പ്രയത്‌നിച്ച ഉദ്യോഗസ്ഥരെ ജില്ലാ കലക്ടര്‍ അഭിനന്ദിച്ചു. വോട്ട് ചെയ്യേണ്ടതിന്റെ ആവശ്യകത ജനങ്ങളിലെത്തിക്കുന്നതില്‍ ബന്ധപ്പെട്ട ജീവനക്കാര്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ സബ് കലക്ടര്‍ എന്‍.എസ്.കെ ഉമേഷ്, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ പി.റംല, സ്വീപ് നോഡല്‍ ഓഫിസര്‍ എന്‍.ഐ ഷാജു, കെ.എം ഹാരിഷ്, ഇലക്ഷന്‍ വിഭാഗം ജില്ലാ പ്രോഗ്രാമര്‍ വി.ആര്‍ ഉദയകുമാര്‍, സീനിയര്‍ സൂപ്രണ്ട് ഇ.സുരേഷ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

NO COMMENTS