ഷുഹൈബ് വധം : പോലീസിന്‍റെ വിശ്വാസ്യത പൂര്‍ണ്ണമായും തകര്‍ന്നെന്ന് എം.എം.ഹസന്‍

256

തിരുവനന്തപുരം : മട്ടന്നൂര്‍ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി ഷുഹൈബിനെ അതിക്രൂരമായി സി.പി.എം അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയിട്ട് ആറു ദിവസം പിന്നിട്ടിട്ടും യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താനോ അറസ്റ്റ് ചെയ്യാനോ പോലീസിന് കഴിഞ്ഞിട്ടില്ലെന്ന് കെ.പി.സി.സി. പ്രസിഡന്റ് എം.എം.ഹസന്‍. സി.പി.എം നേതാക്കളും പോലീസിലെ സി.പി.എം ഫ്രാക്ഷന്റെ ഭാഗമായ അംഗങ്ങളും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണ് ഇപ്പോഴത്തെ കീഴടങ്ങല്‍ നാടകമെന്ന് സംശയിക്കേണ്ടിരിക്കുന്നു. പോലീസിന്റെ റെയ്ഡിനെ കുറിച്ചുള്ള വിവരം ചോര്‍ത്തി സഖാക്കള്‍ക്ക് നല്‍കുകയും അതിന്റെ അടിസ്ഥാനത്തില്‍ യാഥാര്‍ത്ഥ പ്രതികള്‍ അപ്രത്യക്ഷരാകുകയുമാണ്. ഷുഹൈബിന്റെ വധവുമായി ബന്ധപ്പെട്ട കേസന്വേഷണത്തില്‍ പോലീസിന്റെ വിശ്വാസ്യത പൂര്‍ണ്ണമായും തകര്‍ന്നിരിക്കുന്നു.
ഈ കൊലപാതകത്തിന് പിന്നിലെ രാഷ്ട്രീയ ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കാന്‍ പോലീസ് തയ്യാറാകുന്നില്ല. ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കാതെ എങ്ങനെയാണ് ഇതിനുപിന്നിലെ യഥാര്‍ത്ഥ പ്രതികളെ പിടികൂടുന്നതെന്നും ഹസന്‍ ചോദിച്ചു. പ്രതികളെ പിടിച്ചു എന്ന് വരുത്തി തീര്‍ക്കാനുള്ള നാടകങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. യഥാര്‍ത്ഥ പ്രതികളെ പിടികൂടാനും നിഷ്പക്ഷമായ അന്വേഷണം നടത്താനും പോലീസ് തയ്യാറാകുന്നില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം കോണ്‍ഗ്രസ് നടത്തുമെന്നും ഹസന്‍ പറഞ്ഞു.

കേസന്വേഷണം കാര്യക്ഷമവും ഊര്‍ജിതവുമായി നടത്തി പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി 19 ന് കണ്ണൂര്‍ കളക്‌ട്രേറ്റിന് മുന്നില്‍ കോണ്‍ഗ്രസ് നേതാവ് കെ.സുധാകരനും തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസും സത്യഗ്രഹ സമരം ആരംഭിക്കും.
മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ അക്രമ രാഷ്ട്രീയത്തില്‍ പ്രതിഷേധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഫെബ്രുവരി 21 ാം തീയതി സായാഹ്ന ധര്‍ണ്ണ നടത്തും.കണ്ണൂര്‍ ജില്ല ഒഴികെ മറ്റു ജില്ലകളില്‍ ജില്ലാ ആസ്ഥാനത്ത് ഡി.സി.സികളുടെ നേതൃത്വത്തില്‍ സായാഹ്ന ധര്‍ണ്ണ നടത്തും. ഷുഹൈബിന്റെ കുടുംബത്തെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുകയാണ്. അതിന്റെ ഭാഗമായി കണ്ണൂരില്‍ ഫെബ്രുവരി 22 ന് കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ ഷുഹൈബ് കുടുംബ സഹായനിധി സ്വരൂപീക്കാനുള്ള ഫണ്ട് പിരിവിന് തുടക്കം കുറിക്കും. രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, വി.എം.സുധീരന്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍, എം.പിമാര്‍, എം.എല്‍.എമാര്‍, കെ.പി.സി.സി. ഭാരവാഹികള്‍, ഡി.സി.സി. പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ വിവിധ ഇടങ്ങളിലെ ഫണ്ട് പിരിവിന് നേതൃത്വം നല്‍കും. അന്നേദിവസം വൈകുന്നേരം 4 ന് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ പ്രതിഷേധ ധര്‍ണ്ണയും സംഘടിപ്പിക്കുമെന്നും ഹസന്‍ അറിയിച്ചു.

ഷുഹൈബിനെ ക്രൂരമായ കൊലപ്പെടുത്തിയിട്ട് ഇത്രയും ദിവസം പിന്നിട്ടിട്ടും മുഖ്യമന്ത്രി അപലപിക്കാന്‍ പോലും തയ്യാറായിട്ടില്ല .അദ്ദേഹത്തിന്റെ മൗനം സി.പി.എമ്മിന് ഇതില്‍ പങ്കുണ്ടെന്ന കുറ്റസമ്മതം കൂടിയാണ്. സിനിമാ ഗാനങ്ങളുടെ പേരിലെ വിവാദങ്ങളില്‍ പോലും പ്രതികരിക്കുന്ന മുഖ്യമന്ത്രി, സ്വന്തം നാട്ടില്‍ ഒരു ചെറുപ്പക്കാരനെ ക്രൂരമായി കൊലപ്പെടുത്തിയിട്ടും ഒരക്ഷരം പോലും പ്രതികരിക്കാതെ ഇരിക്കുന്നതിലൂടെ ശിലാഹൃദയനാണെന്ന് തെളിഞ്ഞിരിക്കുന്നുവെന്നും ഹസന്‍ പറഞ്ഞു.

NO COMMENTS