8527 പോളിംഗ് ഉദ്യോഗസ്ഥരെ നിയമിച്ചു

20

കാസറഗോഡ് :ജില്ലയിലെ തെരെഞ്ഞെടുപ്പ് ജോലിക്കായി 20% റിസര്‍വ്വ് ഉള്‍പ്പെടെ 8527 പോളിംഗ് ഉദ്യോഗസ്ഥരെ നിയമിച്ച് ഉത്തരവ് നല്‍കി. ഇതില്‍ 3752 പുരുഷന്മാരും 4775 സ്ത്രീകളും ഉള്‍പ്പെടുന്നു. പ്രിസൈഡിംഗ് ഓഫീസര്‍ക്കും ഫസ്റ്റ് പോളിംഗ് ഓഫീസര്‍ക്കുമുള്ള പരിശീലനം പൂര്‍ത്തിയായി. ഇതില്‍ 1709 പ്രിസൈഡിംഗ് ഓഫീസര്‍മാരും 1709 ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാരും 3400 പോളിംഗ് ഓഫീസര്‍മാരും 1709 പോളിംഗ് അസിസ്റ്റന്റുമാരും ഉള്‍പ്പെടുന്നു.

ജില്ലയില്‍ 86 സെക്ടറല്‍ ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ട്. സെക്ടറല്‍ ഓഫീസര്‍മാര്‍ക്കുളള പരിശീലനം ജില്ലാ തലത്തില്‍ നടന്നു. വിവിധ തെരെഞ്ഞെടുപ്പ് ജോലികള്‍ ഏകോപിപ്പിക്കുന്നതിനായി ഡെപ്യൂട്ടി കളക്ടര്‍, തഹസില്‍ദാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ എന്നീ തസ്തികകളിലുള്ള 18 നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചു ഉത്തരവായി.

ഇലക്ടോണിക് വോട്ടിംഗ് മെഷീന്‍ വോട്ടെടുപ്പിന് സജ്ജമാക്കുന്ന കമ്മീഷനിംഗ് പ്രവൃത്തികള്‍ക്ക് ചുമതലപ്പെടുത്തിയ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും ബ്ലോക്ക്/മുനിസിപ്പല്‍ തലത്തില്‍ പരിശീലനം നല്കി. വോട്ടെണ്ണല്‍ ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ഡിസംബര്‍ 11നും പോളിംഗ് സാമഗ്രികളുടെ വിതരണം സ്വീകരണ ചുമതലയുള്ളവര്‍ക്കും ട്രാന്‍സ്‌പോര്‍ട്ട് ചുമതലയുള്ളവര്‍ക്കുമുളള പരിശീലനം ഡിസംബര്‍ 12നും പൂര്‍ത്തിയാക്കും.

NO COMMENTS