ഗൗരി നേഹയുടെ മരണം ; പ്രിന്‍സിപ്പല്‍ രാജിവച്ചു

349

കൊല്ലം: ട്രിനിറ്റി ലൈസിയം സ്കൂള്‍ വിദ്യാര്‍ഥിനി ഗൗരി നേഹയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ രാജിവച്ചു. നേരത്തെ ഗൗരി നേഹയുടെ മരണത്തില്‍ പ്രതികളായ അധ്യാപകരെ ആഘോഷപൂര്‍വം തിരിച്ചെടുത്ത സംഭവത്തില്‍ പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് മാനേജ്മെന്റിന് നോട്ടീസയച്ചിരുന്നു. വിരമിക്കാന്‍ ഒന്നരമാസം കൂടി ബാക്കിനില്‍ക്കെ നിര്‍ബന്ധിത അവധിയില്‍ പോകാന്‍ പ്രിന്‍സിപ്പലിനോട് മാനേജ്മെന്റ് കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. വിഷയത്തില്‍ സസ്പെന്‍ഡു ചെയ്ത അധ്യാപകരെ ആഘോഷപൂര്‍വം തിരിച്ചെടുത്ത നടപടി തെറ്റാണെന്നും മാനേജ്മെന്റ് യോഗം വിലയിരുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 20ന് സ്കൂള്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍നിന്ന് ചാടിയതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ഗൗരി 23ന് ചികിത്സയിലിരിക്കെയാണ് മരിച്ചത്. അധ്യാപികമാരുടെ ശകാരത്തെത്തുടര്‍ന്ന് മനംനൊന്താണ് ഗൗരി ജീവനൊടുക്കിയതെന്ന് വിലയിരുത്തി കൊല്ലം വെസ്റ്റ് പോലീസ് അധ്യാപകര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റമുള്‍പ്പെടെ ചുമത്തി കേസെടുക്കുകയും, ഇതേതുടര്‍ന്ന് അധ്യാപകരെ മാനേജ്മെന്റ് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

NO COMMENTS