ബന്ധു നിയമനത്തില്‍ അതൃപ്തി പരസ്യമാക്കി സിപിഐ

254

തിരുവനന്തപുരം: ബന്ധു നിയമനത്തില്‍ അതൃപ്തി പരസ്യമാക്കി സിപിഐ. നിയമനം നടത്തിയ മന്ത്രിമാരെ പാര്‍ട്ടി മുഖപത്രമായ ജനയുഗത്തിലൂടെ രൂക്ഷമായി വിമര്‍ശിച്ചു. ഉന്നത യോഗ്യയതയുള്ള മറ്റുള്ളവര്‍ നില്‍ക്കുന്പോള്‍ സ്വജനങ്ങളെ നിയമിക്കുന്നത് വന്‍ അഴിമതിയാണ്. ഇതിന്‍റെ വേരറുക്കുക തന്നെ വേണമെന്ന് മുഖപത്രത്തിലെ എഡിറ്റോറിയലിലൂടെ വ്യക്തമാക്കുന്നു. ബന്ധു നിയമനത്തില്‍ പാര്‍ട്ടിക്കകത്തു നിന്നു തന്നെ എതിര്‍പ്പ് ശക്തമാകുന്പോള്‍ നിയമനം നടത്തിയ മന്ത്രിമാര്‍ കെണിയിലാകും എന്ന് വ്യക്തമായി കഴിഞ്ഞു.സ്വജന നിയമനം അഴിമതി തന്നെയാണ് ഒരു വ്യാഖ്യാനം കൊണ്ടും ഇതിന്‍റെ മുഖം മിനുക്കാനാവില്ല. എതിരാളികളുടെ അഴിമതി കഥകളും അവര്‍ നേരിടുന്ന നടപടികളും നിരത്തി വെച്ച്‌ സ്വയം ന്യായീകരിക്കാനുള്ള ശ്രമങ്ങള്‍ ജനങ്ങളുടെ മുന്‍പിലും നിയമത്തിന്‍റെ മുന്‍പിലും വിലപ്പോവില്ല.ഇത് അംഗീകരിക്കാനോ വെച്ചു പൊറുപ്പിക്കാനോ പാടില്ല. അത് താങ്ങാനുള്ള സഹിഷ്ണുത ഇടതുപക്ഷ പാര്‍ട്ടികള്‍ക്കും അതിന്‍റെ അണികള്‍ക്കുമില്ലെന്ന് ഓര്‍മ്മപ്പെടുത്തുന്നു.
സംഭവിച്ച പാളിച്ചകളും വീഴ്ചകളും ഏതു വിധേനയും തിരുത്തപ്പെടണം അത്തരം സംഭവങ്ങള്‍ ഒരിക്കലും സംഭവിക്കാതിരിക്കാന്‍ മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കണം. എല്‍ഡിഎഫിനു മേല്‍ കരിനിഴല്‍ വീഴ്ത്തിയ എല്ലാത്തിന്‍റെയും വേരറുക്കണം. സ്വാശ്രയ കോളേജ് വിവാദമുള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ കത്തി നിന്നപ്പോള്‍ പോലും സംയമനം പാലിച്ച സിപിഐ ഈ വിഷയത്തില്‍ വന്‍ തിരിച്ചടിയാണ് സിപിഎമ്മിന് നല്‍കിയിരിക്കുന്നത്.
സിപിഐയുടെ പ്രതിഷേധത്തിന് ഒപ്പം പ്രതിപക്ഷ നേതാവും ബിജെപി നേതാവ് കെ സുരേന്ദ്രനും വിജിലന്‍സില്‍ കേസ് നല്‍കിയതോടെ മന്ത്രിമാരുടെ നിലനില്‍പ്പ് അത്ര ശുഭകരമല്ലെന്ന് വ്യക്തമായി കഴിഞ്ഞു. ആദ്യം വിഷയത്തില്‍ പ്രതികരിക്കാതിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ വിഷയം ഗൗരവമുള്ളതാണെന്നും അതിനു പരിഹാരം കാണുമെന്നും വ്യക്തമാക്കി കഴിഞ്ഞു.

NO COMMENTS

LEAVE A REPLY