ഇറാന്‍ ആണവായുധം നിര്‍മിച്ചാല്‍ അതേവഴി തേടുമെന്ന് സൗദി അറേബ്യ

232

റിയാദ്: ഇറാന്‍ ആണവായുധം നിര്‍മിച്ചാല്‍ ആണവായുധ നിര്‍മാണത്തിന് മടിക്കില്ലെന്ന്‍ സൗദി അറേബ്യ. സി ബി എസ്സിന് നല്‍കിയ ടെലിവിഷന്‍ അഭിമുഖത്തില്‍ സൗദിയിലെ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഏതെങ്കിലും തരത്തിലുള്ള ആണവായുധം വേണമെന്ന് സൗദി അറേബ്യയ്ക്ക് ആഗ്രഹമില്ല. എന്നാല്‍, ഇറാന്‍ ആണവായുധം നിര്‍മിക്കുന്ന പക്ഷം യാതൊരു സംശയവും വേണ്ട, ആണവായുധ നിര്‍മാണത്തിനു വേണ്ട നടപടികള്‍ സൗദിയും സ്വീകരിക്കും’ അഭിമുഖത്തില്‍ രാജകുമാരന്‍ വ്യക്തമാക്കി. ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖുമേയ്നി പടിഞ്ഞാറന്‍ ഏഷ്യയിലെ പുതിയ ഹിറ്റ്ലറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ മാസം 19ന് യു എസ് സന്ദര്‍ശിക്കാനിരിക്കെയാണ് രാജകുമാരന്റെ പ്രഖ്യാപനമെന്നത് ശ്രദ്ധേയമാണ്. ആണവ ബാലിസ്റ്റിക് മിസൈലുകളുടെ നിര്‍മാണവുമായി മുന്നോട്ടുപോകുന്ന ഇറാനെതിരെ സഊദി, യു എ ഇ, ഈജിപ്ത്, ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍ അടുത്തിടെ സംയുക്ത പ്രസ്താവന നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇറാന്‍ ആണവായുധ നിര്‍മാണവുമായി മുന്നോട്ടു പോയാല്‍ അതേവഴി തേടുമെന്ന സൗദിയുടെ മുന്നറിയിപ്പ്.

NO COMMENTS