ഓരോ ഫയലും ഓരോ ജീവിതമാണ് ; ജനങ്ങളെ കബളിപ്പിക്കുന്നതിനുള്ള ഭംഗിവാക്ക് മാത്രമാണെന്ന് ചെന്നിത്തല

153

തിരുവനന്തപുരം : ഓരോ ഫയലും ഓരോ ജീവിതമാണെന്നും ഓരോ അപേക്ഷകനെയും മനുഷ്യത്വപരമായി സമീപിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടയ്ക്കിടെ പറയുന്നത് ജനങ്ങളെ കബളിപ്പിക്കുന്നതിനുള്ള ഭംഗിവാക്ക് മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ആവര്‍ത്തിച്ചു പറയുന്നതല്ലാതെ ഈ സര്‍ക്കാരിന് കീഴില്‍ ഒരു ഫയലും നീങ്ങുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ കൊട്ടിഘോഷിച്ച്‌ കൊണ്ടു വന്ന ജനസ്വാന്തനം പദ്ധതിയുടെ കഥ തന്നെ ഉത്തമ ഉദാഹരണമാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

പാവപ്പെട്ടവരും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരുമായ മൂന്നര ലക്ഷത്തോളം മനുഷ്യരുടെ അപേക്ഷകള്‍ കളകറ്ററേറ്റുകളില്‍ ചിതലെടുക്കുകയാണ്. ആ പദ്ധതിയുമായി ബന്ധപ്പെട്ട ഫയല്‍ സെക്രട്ടറിയേറ്റിലെ ഉദ്യേഗസ്ഥര്‍ അങ്ങോട്ടുമിങ്ങോട്ടും തട്ടുകയാണെന്നും ചെന്നിത്തല പറഞ്ഞു. എന്തിന് പിണറായിയുടെ സ്വന്തം ധനകാര്യമന്ത്രി തോമസ് ഐസകിന്റെ മേശപ്പുറത്ത് മാത്രം ഈ ഫയല്‍ ഉറങ്ങിയത് നാല് മാസത്തിലധികമാണ്. ഉദ്യേഗസ്ഥരെ നിരന്തരം ഉപദേശിക്കുമ്ബോള്‍ തന്നെ മന്ത്രിസഭയിലെ തന്റെ സഹപ്രവര്‍ത്തകരെക്കൂടി ഇത്തരം കാര്യങ്ങള്‍ ബോദ്ധ്യപ്പെടുത്താന്‍ മുഖ്യമന്ത്രി ശ്രമിക്കണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

NO COMMENTS