പത്തനംതിട്ട സീറ്റ് അന്തിമ തീരുമാനം ആയിട്ടില്ല ; പിഎസ് ശ്രീധരന്‍ പിള്ളയും കെ സുരേന്ദ്രനും രംഗത്തുണ്ട്

163

തിരുവനന്തപുരം:പത്തനംതിട്ട സീറ്റ് അന്തിമ തീരുമാനം ആയിട്ടില്ല ; പിഎസ് ശ്രീധരന്‍ പിള്ളയും കെ സുരേന്ദ്രനും രംഗത്തുണ്ട്. പത്തനംതിട്ട സീറ്റോ തൃശൂര്‍ സീറ്റോ നല്‍കിയില്ലെങ്കില്‍ മത്സരിക്കാനില്ലെന്നാണ് കെ സുരേന്ദ്രന്റെ നിലപാട്. തുഷാര്‍ വെള്ളാപ്പള്ളി മത്സരിച്ചില്ലെങ്കില്‍ മാത്രമെ തൃശൂര്‍ സീറ്റ് സുരേന്ദ്രന് ലഭിക്കുകയുള്ളു. മത്സരിക്കുന്ന കാര്യത്തില്‍ വെള്ളാപ്പള്ളിയുമായി ആലോചിച്ച്‌ അന്തിമ തീരുമാനം എടുക്കുമെന്നാണ് തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ത്ഥികളെ ശനിയാഴ്ച ദില്ലിയില്‍ ചേരുന്ന പാര്‍ട്ടി തിരഞ്ഞെടുപ്പ് കമ്മറ്റി തീരുമാനിക്കും.

പത്തനംതിട്ട മണ്ഡലത്തിനായി പിഎസ് ശ്രീധരന്‍ പിള്ളയും കെ സുരേന്ദ്രനും രംഗത്തുണ്ട്. ഇക്കാര്യത്തില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ അന്തിമ തീരുമാനം എടുക്കും. ശബരിമല വിഷയം ഏറ്റവും പ്രതിഫലിക്കുക പത്തനംതിട്ടയില്‍ ആകുമെന്നും ഇത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നുമാണ് നേതാക്കളുടെ കണക്ക് കൂട്ടല്‍.പത്തനംതിട്ട സീറ്റില്‍ ആരെന്ന് തീരുമാനിക്കാന്‍ പലവട്ടം ചര്‍ച്ചകള്‍ നടത്തിയെങ്കിലും അന്തിമ തീരുമാനം ആയില്ല. ദില്ലിയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ദേശീയ അധ്യക്ഷന്‍ തീരുമാനം എടുക്കും. കുമ്മനം രാജശേഖരനും ശ്രീധരന്‍ പിള്ളയും ദില്ലിയിലെത്തും.

ടോം വടക്കന്‍ കൂടി വന്നതോടെ തൃശൂര്‍ സീറ്റില്‍ ആശയക്കുഴപ്പം രൂക്ഷമായി. കോണ്‍ഗ്രസിലായിരിക്കെ തൃശൂരില്‍ മത്സരിക്കാനുള്ള താല്‍പര്യം ടോം വടക്കന്‍ നേതൃത്വത്തെ അറിയിച്ചിരുന്നതാണ്. തൃശൂര്‍ അല്ലെങ്കില്‍ ചാലക്കുടിയില്‍ ടോം വടക്കന്‍ മത്സരിക്കാന്‍ സാധ്യതയുണ്ട്.

NO COMMENTS