കസബയിലെ സ്ത്രീവിരുദ്ധ പരാമർശങ്ങൾക്കെതിരെ നടപടി : വനിതാ കമ്മീഷൻ

249

തിരുവനന്തപുരം∙ കസബ സിനിമയിൽ സ്ത്രീവിരുദ്ധ രംഗം ഉണ്ടെന്നു കണ്ടെത്തിയതിനെത്തുടർന്നു നിർമാതാവിനും സംവിധായകനും ന‌ടനും നോട്ടിസയയ്ക്കാൻ വനിതാ കമ്മീഷൻ തീരുമാനിച്ചു. ഇന്നു ചേർന്ന വനിതാ കമ്മീഷൻ യോഗത്തിന്റേതാണ് തീരുമാനം.

സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന രംഗങ്ങളും സംഭാഷണങ്ങളും ഒഴിവാക്കാൻ ജാഗ്രത പുലർത്തണമെന്നു കാട്ടി ഫിലിം സർട്ടിഫിക്കേഷൻ ബോർഡിനു കത്തു നൽകും. ഇത്തരം കാര്യങ്ങൾ ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നു സിനിമാ സംഘടനകളായ അമ്മയോടും മാക്ടയോടും ആവശ്യപ്പെടാനും കമ്മിഷൻ തീരുമാനിച്ചു.

ആവിഷ്ക്കാര സ്വാതന്ത്ര്യമെന്നത് സ്ത്രീകളെ അപമാനിക്കാനുള്ള സ്വാതന്ത്ര്യമല്ലെന്ന് കമ്മിഷൻ വിലയിരുത്തി. കമ്മിഷന് ഇത്തരം പ്രവണതകൾ അംഗീകരിക്കാനാകില്ല. ഇത്തരം രംഗങ്ങൾ ചെയ്യുമ്പോൾ സമൂഹത്തിൽ അതിന് അപകടകരമായ സ്വീകാര്യതയാണ് ഉണ്ടാകുന്നതെന്നും സാമൂഹിക ഉത്തരവാദിത്തമുള്ള അഭിനേതാക്കൾ ഇത്തരം രംഗങ്ങളിൽ അഭിനയിക്കില്ലെന്ന് നിലപാടെടുക്കണമെന്നും കമ്മിഷൻ വ്യക്തമാക്കി.

കസബയിലെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ പരിശോധിച്ചു നടപടിയെടുക്കുമെന്നു വനിതാ കമ്മിഷൻ അധ്യക്ഷ റോസക്കുട്ടി മുൻപു വ്യക്തമാക്കിയിരുന്നു. ചിത്രത്തിലെ പൊലീസ് ഓഫിസറുടെ കഥാപാത്രം ഒരു പൊലീസ് ഉദ്യോഗസ്ഥയോട് അശ്ലീലച്ചുവയുള്ള സംഭാഷണം നടത്തുന്നതു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും വിഷയം പരിശോധിച്ചു നടപടിയെടുക്കുമെന്നുമാണു മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കു മറുപടിയായി റോസക്കുട്ടി പറഞ്ഞത്.

NO COMMENTS

LEAVE A REPLY