ഗവ. പ്ലീഡർക്കെതിരെ അന്വേഷണം നടക്കട്ടെ : ഹൈക്കോടതി

162
photo credit : manorama online

കൊച്ചി∙ യുവതിയെ അപമാനിക്കാൻ ശ്രമിച്ചെന്ന ഗവ. പ്ലീഡർക്കെതിരായ കേസിൽ അന്വേഷണം നടക്കട്ടെയെന്നു ഹൈക്കോടതി. യുവതിയെ കടന്നുപിടിച്ചെന്ന കേസിൽ ഇപ്പോൾ ഇടപെടാനാകില്ലെന്നും കോടതി അറിയിച്ചു. സംഭവത്തിൽ കോടതി പൊലീസിനോടു വിശദീകരണം തേടി. അതേസമയം, കേസ് റദ്ദാക്കണമെന്ന ഗവ. പ്ലീനറുടെ ഹർജി കോടതി വ്യാഴാഴ്ച പരിഗണിക്കും.

നടുറോഡിൽ വച്ച് ശരീരത്തിൽ കയറിപ്പിടിക്കുകയും അപമാനിക്കാൻ ശ്രമിക്കുകയും ചെയ്തെന്ന ഞാറയ്ക്കൽ സ്വദേശിനിയുടെ പരാതിയിലാണു ഗവ.പ്ലീഡർക്കെതിരെ കേസെടുത്തിരുന്നത്. വെള്ളിയാഴ്ച രാത്രി എറണാകുളം കോൺവെന്റ് ജംക്‌ഷനു സമീപം വച്ച് ധനേഷ് മാത്യു അപമാനിക്കാൻ ശ്രമിച്ചെന്നാണു യുവതിയുടെ പരാതി. ഇവരുടെ ബഹളം കേട്ട് ഓടിക്കൂടിയ ഓട്ടോറിക്ഷാ തൊഴിലാളികളും സ്ത്രീകളും ചേർന്നു ധനേഷ് മാത്യുവിനെ തടഞ്ഞുവച്ചു പൊലീസിനു കൈമാറുകയായിരുന്നു. എന്നാൽ, ആളു മാറിപ്പോയതാണെന്നു പിറ്റേന്നു കോടതിയിൽ യുവതി നിലപാടെടുത്തു. ധനേഷ് മാത്യുവിനു കോടതിയിൽനിന്നു തന്നെ ജാമ്യവും ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണു അഡ്വക്കറ്റ് അസോസിയേഷൻ ഗവ. പ്ലീഡർക്കായി വിഷയത്തിൽ ഇടപെട്ടത്.

കള്ളക്കേസാണെന്ന ആരോപണവുമായി ഗവ. പ്ലീഡറും അഡ്വക്കറ്റ് അസോസിയേഷനും പൊലീസിനും യുവതിക്കുമെതിരെ രംഗത്തെത്തി. എന്നാൽ ചെയ്ത തെറ്റു സമ്മതിച്ചു മാപ്പ് എഴുതി തന്നാൽ കോടതിയിൽ അനുകൂല നിലപാടെടുക്കാമെന്നു സ്റ്റേഷനിലുണ്ടാക്കിയ ധാരണ പ്രകാരമാണു കോടതിയിൽ അനുകൂല നിലപാടെടുത്തതെന്നു യുവതി വിശദീകരിച്ചു. അപമാനിക്കാൻ ശ്രമിച്ചതു ഗവ. പ്ലീഡർ തന്നെയെന്നു പിന്നാലെ കോടതിയിൽ രഹസ്യമൊഴിയും നൽകി. തുടർന്നു കേസ് കള്ളക്കേസല്ലെന്നു സ്ഥാപിച്ചുകൊണ്ടു സിറ്റി പൊലീസ് കമ്മിഷണർ പത്രക്കുറിപ്പുമിറക്കി.

അതിനിടെ, ഹൈക്കോടതിയിലെ ഗവ. പ്ലീഡർ ധനേഷ് മാത്യു മാ‍ഞ്ഞൂരാനെ കള്ളക്കേസിൽ കുടുക്കിയെന്നാരോപിച്ചു കൊച്ചി സിറ്റി സെൻട്രൽ പൊലീസ് സ്റ്റേഷനിലേക്ക് ഹൈക്കോടതി അഡ്വക്കറ്റ് അസോസിയേഷൻ നിശ്ചയിച്ചിരുന്ന പ്രതിഷേധ മാർച്ച് ഉപേക്ഷിച്ചു. അസോസിയേഷൻ അംഗങ്ങൾക്കിടയിൽതന്നെ ഭിന്നതയുണ്ടായതോടെ നാടകീയമായി പ്രതിഷേധ മാർച്ചിൽനിന്ന് അസോസിയേഷൻ പിൻമാറുകയായിരുന്നു. മാർച്ച് നേരിടാൻ പൊലീസ് സന്നാഹങ്ങളൊരുക്കി നിലയുറപ്പിച്ചതിനുശേഷമാണ് അസോസിയേഷന്റെ പിൻമാറ്റം.

NO COMMENTS

LEAVE A REPLY